കോട്ടയം: മണർകാട് ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷിന് ഒത്താശ ചെയ്തു നല്കിയ മണർകാട് സ്റ്റേഷനിലെ അഞ്ചു പോലീസുകാരും കുരുക്കിൽ.
മാലം സുരേഷിന് റെയ്ഡ് വിവരങ്ങൾ ചോർത്തി നല്കുകയും ഫോണിൽ നിയമോപദേശം നല്കുകയും ചെയ്ത മണർകാട് എസ്എച്ച്ഒ ആർ. രതീഷ്കുമാറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾക്കൊപ്പം സ്റ്റേഷനിൽ അഞ്ചു പോലീസുകാർക്കു മാലം സുരേഷുമായി ബന്ധമുണ്ടെന്നും
ഇവർ മാസപ്പടി കൈപ്പറ്റിയിരുന്നതായും ആരോപണമുയർന്നിരുന്നു. തുടർന്നാണ് സ്പെഷൽ ബ്രാഞ്ച് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചശേഷമായിരിക്കും പോലീസുകാർക്കെതിരെ നടപടിയുണ്ടാകുന്നത്.
ക്ലബിലെ ചീട്ടുകളി നടത്തിപ്പിനു ഇവർ ഒത്താശ ചെയ്തിരുന്നോ, മുൻ കാലങ്ങളിൽ ക്ലബിൽ മണർകാട് പോലീസ് നടത്തിയ റെയഡ് വിവരങ്ങൾ മാലം സുരേഷിനു ചോർത്തി നല്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷിച്ചു വരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇവർക്കു മാലം സുരേഷുമായിട്ടുള്ള അടുപ്പം സ്പെഷൽ ബ്രാഞ്ചിനു ബോധ്യപ്പെട്ടിട്ടുണ്ട്.
ചില പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ രഹസ്യ ഫോണിൽ നിന്നും മാലം സുരേഷിനു വിളിച്ചു വിവരങ്ങൾ കൈമാറിയിരുന്നതായും സ്പെഷൽ ബ്രാഞ്ചിനു സൂചന ലഭിച്ചിരുന്നു. ഇവരുടെ ഫോണ് നന്പറുകൾ ശേഖരിച്ചു പോലീസ് സംഘം സൈബർ സെല്ലുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യങ്ങളിലും വ്യക്തത ലഭിച്ചേക്കും. അതേസമയം ക്ലബിൽ റെയ്ഡ് നടക്കുന്നതിനിടയിൽ ഇവിടെയുണ്ടായിരുന്ന ഇടനിലക്കാരനും ഉന്നതനുമായ ആൾക്കു വേണ്ടി ചീട്ടുകളി കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
റെയ്്ഡിൽ പങ്കെടുത്ത പോലീസുകാരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശവാസിയായ ഇയാളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. ചീട്ടുകളി കേന്ദ്രത്തിലെ പണം കൈകാര്യം ചെയ്തിരുന്നത് ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
റെയ്ഡിൽ പിടിച്ചെടുത്തവരുടെ ഫോണുകൾ മാറ്റിയതായുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്. മണർകാട് നിന്നും കോടികൾ മറിയുന്ന ചീട്ടുകളി പിടികൂടിയ സംഭവത്തിനു പിന്നാലെ ഇതേ സംഘം തന്നെ ജില്ലയിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ചും സമാനമായ രീതിയിൽ ചീട്ടുകളി നടത്തിയിരുന്നതായിട്ടാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.
മിക്കതും ക്ലബുകളിലും ചില സ്ഥലങ്ങളിൽ വന്പൻമാരുടെ വീടുകൾ കേന്ദ്രീകരിച്ചുമാണ് ചീട്ടുകളി നടത്തിയിരുന്നത്. അവിടങ്ങളിലും മണർകാട്ടേതിനു സമാനമായ രീതിയിൽ പണത്തിനു പകരം ടോക്കണായിരുന്നു നല്കിയിരുന്നത്. മറ്റൊരു സ്ഥലത്ത് പണം നല്കിയിരുന്നതിനുശേഷം ടോക്കണ് എടുക്കുകയാണ് ചെയ്തിരുന്നത്.
കോട്ടയം നഗരത്തിൽ ഉൾപ്പെടെ ഇതേ സംഘത്തിനു ചീട്ടുകളി കേന്ദ്രമുള്ളതായിട്ടാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇവയെല്ലാം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. പല സ്ഥലത്തും ചീട്ടുകളി കേന്ദ്രവുമായി പോലീസിലെയും രാഷ്്ട്രീയത്തിലെയും ഉന്നതൻമാർക്കു നേരിട്ടു ബന്ധമുണ്ട്.
അതിനാൽ സംഭവത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചാലും ഒന്നും ചെയ്യാൻ സാധിക്കില്ല. കഴിഞ്ഞ 11നു റെയ്ഡ് നടത്തി ചീട്ടുകളി പിടികൂടിയ മണർകാട്ടെ ക്രൗണ് ക്ലബിൽ ചീട്ടുകളി നടക്കുന്നതായി ഒന്പതു തവണയാണ് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് നല്കിയിരുന്നത്.
എന്നാൽ റിപ്പോർട്ട് ചോർത്തുകയും ചീട്ടുകളി കേന്ദ്രത്തിനു സംരക്ഷണം ഒരുക്കുകയുമാണ് മണർകാട് പോലീസ് ചെയ്തത്. 3000 രൂപ മുതൽ അഞ്ചു ലക്ഷം രൂപവരെയാണ് ചീട്ടുകളി കേന്ദ്രത്തിനു ഒത്താശ ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥർ കൈപ്പറ്റിയിരുന്നതെന്നും ആരോപണമുണ്ട്.
ദിവസങ്ങൾ കഴിയുന്നതോടെ ചീട്ടുകളി മാഫിയ സംഘങ്ങളും പോലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടുതൽ ബന്ധങ്ങൾ പുറത്തുവരികയാണ്. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മാലം സുരേഷിന്റെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും.