വിവര സാങ്കേതിക വിദ്യകളുടെയും സമൂഹമാധ്യമങ്ങളുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ടുള്ള നവലോക കോണ്‍ഗ്രസ് പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) കീഴിലുള്ള റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മുഖം കൂടുതല്‍ മിനുക്കുന്നതിനുള്ള ചുമതല. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിരവധി നൂതന പദ്ധതികള്‍ ഇതിനോടകം ഈ ഡിപ്പാര്‍ട്ട്മെന്റ് ആവിഷ്കരിച്ചുകഴിഞ്ഞു.
തുടക്കത്തില്‍ നാലു ഘട്ടങ്ങളിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിച്ചും പഠിച്ചും ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് ആദ്യത്തേത്. ഇതിന്റെ ഭാഗമായി എക്സ്പോസിങ് പിണറായി A to Z എന്ന വീഡിയോ കാംപെയ്ന് നാളെ ആരംഭിക്കും.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് നാളെ രാവിലെ 10ന് ഇന്ദിരാ ഭവനില്‍ വച്ച് വീഡിയോ പരമ്പരയുടെ ട്രെയ്ലര് പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിക്കുക. A മുതല്‍ Z വരെയുള്ള അക്ഷരമാലാക്രമത്തില്‍ 26 മുതല്‍ 30വരെ എപ്പിസോഡുകളിലായി കോണ്‍ഗ്രസിലെ വിവിധ നേതാക്കളാണ് ഈ വിഷയം വീഡിയോ പരമ്പരയായി അവതരിപ്പിക്കുക.
പൊതുവിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് വിശദീകരിക്കുന്ന പഠനങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുക, സോഷ്യല്‍ മീഡിയയിലെ ദൈനംദിന ഇടപെടലുകള്‍ക്കു വേണ്ട വിവരങ്ങളും കണക്കുകളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുക, പാര്‍ട്ടിക്കു വേണ്ടി തിരഞ്ഞെടുപ്പ് സംബന്ധിച്ച ബിഗ് ഡാറ്റാ അനാലിസിസ് നടത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നിവയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിന്റെ ചുമതലയാണ്.
തെരഞ്ഞെടുപ്പിനു മുമ്പ് വളരെ പ്രൊഫഷണലായതും നൂതനവുമായ ഒരു പ്രചരണ രീതിക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ ഓരോന്നായി പൊതുജനസമക്ഷം എത്തിക്കുക എന്നതാണ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആദ്യ ദൗത്യം. റിസേര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചപ്പോള്‍ ലോകത്തിന്റെ നാനാ കോണുകളില്‍നിന്ന് ആയിരക്കണക്കിനാളുകളുടെ പ്രതികരണമാണ് ഉണ്ടായതെന്ന് ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന് പറഞ്ഞു.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പുതിയ വിപ്ലവത്തിനാണ് കെപിസിസി തയാറെടടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താത്പര്യമുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഡിജിറ്റല്‍ ഇടവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി നല്‍കിയിരുന്നു.
ആയിരത്തിലേറെ പ്രവര്‍ത്തകരാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തത്, സ്റ്റാറ്റിസ്റ്റിക്സില്‍ മികവു തെളിയിച്ചര്‍, ഡേറ്റാ അനലിസ്റ്റുകള്‍ ഗവേഷണ വിദ്യാര്‍ഥികള്‍, ശാസ്ത്രജ്ഞര്‍, വിവര സാങ്കേതികരംഗത്ത് വലിയ റോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങി നിരവധി മേഖലകളിലുള്ളവര്‍ റിസേര്‍ച്ച് ഡെവലപ്മെന്റിന്റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ച് എത്തിയിട്ടുണ്ട്.
ഇവരില്‍ നിന്ന് ഏറ്റവും അനുയോജ്യരായ സാങ്കേതിക പരിജ്ഞാനമുള്ളവരെയിരിക്കും തെരഞ്ഞെടുക്കുക. മുഖ്യധാര കോണ്‍ഗ്രസില്‍ നില്‍ക്കുന്നവര്‍ക്കപ്പുറം പാര്‍ട്ടി അനുഭാവികളായ സാങ്കേതിക വിദഗ്ധരായ വരെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കുന്നത്. അവരുടെ കഴിവും പ്രാപ്തിയും പാര്‍ട്ടിക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യം.
പ്രൊഫഷണല്‍ കോണ്‍ഗ്രസ് നിലവില്‍ വന്നപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. മാത്യു കുഴല്നാടന് തന്നെയാണ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിന്റെയും ചുമതലക്കാരന്.