പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് പി.പി. മത്തായി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വനപാലകര്ക്കുണ്ടായ വീഴ്ചകള്‍ അക്കമിട്ടു നിരത്തി പോലീസ് റിപ്പോര്‍ട്ട്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി ആര്. പ്രദീപ് കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചകള്‍ കണ്ടെത്തിയത്.
റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്കു കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണത്തെ സംബന്ധിച്ചും കേസിന്റെ സ്വഭാവത്തെക്കുറിച്ചും ഇന്നു തീരുമാനമെടുക്കും. വനപാലകരെ പ്രതി ചേര്‍ത്തു കേസ് മുന്നോട്ടു പോകാമെന്നതാണ് പോലീസിനു ലഭിച്ചിട്ടുള്ള നിയമോപദശമെന്നും സൂചന ലഭിച്ചു.
ഒരാളെ കസ്റ്റഡിയിലെടുക്കുന്നതു സംബന്ധിച്ചും അന്വേഷണത്തിലും ക്രിമിനല്‍ നടപടിക്രമങ്ങളിലും പറയുന്ന വ്യവസ്ഥകളുടെ ലംഘനമാണ് 12 വീഴ്ചകളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ മത്തായിയുടെ മരണത്തെ സംബന്ധിച്ച പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് നാളെ മാത്രമേ ലഭിക്കൂ.
ഇതിലൂടെ മാത്രമേ മരണകാരണം സംബന്ധിച്ച വ്യക്തത കൈവരികയുള്ളൂവെന്ന നിഗമനത്തിലാണ് പോലീസ്. അതിനുശേഷമേ വനപാലകരെ കേസില്‍ പ്രതി ചേര്‍ക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടാകാനിടയുള്ളൂ.
എന്തായാലും അനധികൃത കസ്റ്റഡിയും മരണവുമാണ് നിലവിലെ സാഹചര്യം. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കൂടി പരിഗണിച്ച് മരണകാരണം കൂടി വ്യക്തമാക്കി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് പോലീസ് നീക്കം.
വീഴ്ചകള്‍ ഇങ്ങനെ…
ചിറ്റാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ജനറല്‍ ഡയറി മുതല്‍ തന്നെ വീഴ്ചകള്‍ വ്യക്തമാകുന്നുണ്ട്. ജൂലൈ 28നു വൈകുന്നേരമാണ് മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്തത്. രാത്രി എട്ടോടെ മരിച്ചനിലയില്‍ കുടുംബവീടിനു സമീപമുള്ള കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്ന് പറയുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി.
കേസുമായി ബന്ധപ്പെട്ട് വനപാലകര്‍ റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച മഹസറിന്റെ പകര്‍പ്പും പരിശോധിച്ചു. ആരോപണ വിധേയരായ വനപാലകരുടെ മൊഴിയും പോലീസ് ശേഖരിച്ചുവരികയാണ്. രണ്ടുപേരുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ട്.
മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത് വൈകുന്നേരം നാലിനാണെങ്കിലും ഇത് ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയത് രാത്രി പത്തിനാണ്. അപ്പോഴേക്കും മത്തായിയുടെ മരണം സംഭവിച്ചിരുന്നു. കിണറ്റില്‍ ചാടിയതായി പറയുന്ന ആളെ രക്ഷപെടുത്തുന്നതിനു ശ്രമിക്കാതെ വനപാലകര്‍ കടന്നുകളഞ്ഞതും ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്.
വനാതിര്‍ത്തിയിലെ കാമറ തകര്‍ത്തതുമായി ബന്ധപ്പെട്ട് പോലീസില്‍ വനംവകുപ്പ് പരാതി നല്‍കിയിട്ടില്ല. കാമറ തകര്‍ത്തത്, മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടത് തുടങ്ങിയ സംഭവങ്ങളില്‍ കേസെടുക്കേണ്ടത് വനംവകുപ്പാണ്.
മെമ്മറി കാര്‍ഡ് വീണ്ടെടുക്കാനെന്ന പേരില്‍ വീട്ടില്‍ നടത്തിയ അന്വേഷണവും നിയമപരമാകില്ല. കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതിലും നിയമപരമായ പാളിച്ചകളുണ്ട്. വനംവകുപ്പിന് അനുകൂലമായി രംഗത്തുകൊണ്ടുവന്ന സാക്ഷിയുടെ മൊഴിയിലെ വൈരുധ്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിലൊരാളെ കൊണ്ടുവന്ന് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ വനപാലകര്‍ നടത്തിയ ശ്രമമാണിതിനു പിന്നിലെന്നും സംശയിക്കുന്നു. തന്നെയുമല്ല, ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഒരാളെ കസ്റ്റഡിയില്‍ വച്ചുകൊണ്ടിരിക്കെ എന്തുകൊണ്ട് സുരക്ഷാ നടപടി സ്വീകരിക്കാതിരുന്നതും വീഴ്ചയായി.