കാസര്‍ഗോഡ്: സംസ്ഥാനഅതിര്ത്തിക്കു സമീപം പൈവളിഗെ ബായാര്‍ കന്യാലയില്‍ താമസം തുടങ്ങി അധികനാളായിട്ടില്ലാത്ത വീട്ടില്‍ അനന്തരവന്റെ വെട്ടേറ്റു വീണത് നാലു വയോധികര്‍.
യുവാവിന് മാനസിക വൈകല്യമുള്ളതായി പറയുമ്പോഴും കുടുംബത്തിനുള്ളിലും ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണാ സൂചന. യുവാവിന്റെ അമ്മ മാത്രം കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ടതും ഇയാള്‍ കരുതിക്കൂട്ടി ആക്രമണമഴിച്ചുവിട്ടതാണെന്ന സംശയം ജനിപ്പിക്കുന്നു.
കന്യാല സുതങ്കളയിലെ ബാബു (70), സഹോദരങ്ങളായ വിട്ടല (65), സദാശിവ (58), ദേവകി (50) എന്നിവരാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വീട്ടിനുള്ളില്‍ കൊലചെയ്യപ്പെട്ടത്.
ഇവരുടെ മറ്റൊരു സഹോദരി ലക്ഷ്മിയുടെ മകന് ഉദയകുമാറാണ് (40) ഇവരെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. കൂട്ടക്കൊല നടത്തിയതിനുശേഷം രക്തം പുരണ്ട മഴുവുമായി കന്യാല കവലയിലെത്തിയ ഉദയകുമാറിനെ നാട്ടുകാര്‍ ഉടുമുണ്ടഴിച്ച് പിടിച്ചുകെട്ടി വീട്ടിലെത്തിക്കുകയായിരുന്നു.
പിന്നീട് പോലീസ് സ്ഥലത്തെത്തി പ്രതിയെ ആള്‍ക്കൂട്ടത്തില്‍ നിന്നു മോചിപ്പിച്ച് സ്റ്റേഷനിലേക്ക് മാറ്റി. മാനസികാസ്വാസ്ഥ്യത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളാണ് ഉദയകുമാര്‍ എന്നു പറയുന്നു. ഇയാളുടെ പിതാവ് ബാബുദേവ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണ്.
അവിവാഹിതരായ മാതൃസഹോദരങ്ങള്ക്കൊപ്പം അടുത്ത കാലത്താണ് ഉദയകുമാറും ലക്ഷ്മിയും സുതങ്കളയിലെ പുതിയ വീട്ടില്‍ താമസം തുടങ്ങിയത്.
വൈകിട്ട് ഉദയകുമാറും അമ്മാവന്മാരുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി പറയുന്നു. പെട്ടെന്ന് പ്രകോപിതനായ യുവാവ് കോടാലിയെടുത്ത് കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഉദയന്റെ അമ്മ ലക്ഷ്മി സംഭവം കണ്ട് വീട്ടില്‍ നിന്നും
പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്.
നാലുപേരുടെയും മൃതദേഹങ്ങള്‍ ഇന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. പ്രതിയുടെ മാനസികനില പരിശോധിച്ചതിനു ശേഷമായിരിക്കും ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുക.