വിനോദയാത്ര പോകുകയെന്നത് രസകരമാണ്. കൊറോണയും ലോക്ഡൗണും പലരുടെയും വിനോദയാത്രകൾക്ക് തത്കാലം സ്റ്റോപ്പിട്ടിരിക്കുകയാണ്. വിനോദയാത്രയ്ക്കിടെ ഉണ്ടായിട്ടുള്ള പല അപകടവാർത്തകളും നാം വായിച്ചിട്ടുണ്ട്.
പുഴയിലും നദിയിലും കടലിലും വീണുണ്ടാകുന്ന അപകടങ്ങളാണ് അതിൽ അധികവും. യുവതീ-യുവാക്കളാണ് അപകടത്തിൽപ്പെടുന്നവരിൽ കൂടുതലും. നോർത്ത് വെയിൽസിൽ ലാൻബെറിസിലെ സ്യൂണന്റ്്് മവർ വെള്ളച്ചാട്ടത്തിലും കഴിഞ്ഞ ദിവസം ഒരപകടമുണ്ടായി. ഇവിടെ പക്ഷെ അപകടത്തിൽപ്പെട്ടത് ആറു വയസുള്ള ഒരു പെൺകുട്ടിയാണ്.
ഫോബും അച്ഛനും അമ്മയും അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു. പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടം. നൂറ് അടിയിലേറെ താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്.
വെള്ളച്ചാട്ടത്തിനു ചുറ്റും പ്രകൃതിയുടെ മനോഹരമായ ദൃശ്യം. ഇവിടെ വന്നാൽ ആരും സ്വയം മറന്നുപോകും. ഫോബിന്റെ അച്ഛൻ ലിയാം ബൊലാന്റ് തന്റെ കാമറയിൽ പ്രകൃതിയുടെ മനോഹര ദൃശ്യം പകർത്തുകയായിരുന്നു. ഫോബും അമ്മയും വെള്ളച്ചാട്ടം മുകളിൽ നിന്ന് ആസ്വദിക്കുകയും.
കൂട്ടനിലവിളി
പെട്ടെന്ന് കാൽതെറ്റി ഫോബ് വെള്ളച്ചാട്ടത്തിലേക്ക് വീണു.ഫോബ് വീഴുന്നതുകണ്ട അമ്മ അലറിവിളിച്ചു. മറ്റ്് സഞ്ചാരികൾ എന്തുചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചുനിന്നു. ഭാര്യയുടെ നിലവിളികേട്ടാണ് ലിയാം ബൊലാന്റ് ശ്രദ്ധിക്കുന്നത്.
തന്റെ മകൾ നൂറ് അടിയിലേറെ താഴ്ചയുള്ള വെള്ളച്ചാട്ടത്തിൽ നിന്ന് താഴേക്ക് വീണിരിക്കുന്നു. വെള്ളച്ചാട്ടത്തിന് താഴെ കുളം പോലുള്ള സ്ഥലത്താണ് ഫോബ് വീണിരിക്കുന്നത്. ലിയാം ബൊലാന്റ് മറ്റൊന്നും ചിന്തിച്ചില്ല.
കുളം ലക്ഷ്യമാക്കി ചാടി. പക്ഷെ കാര്യങ്ങൾ ഉദേശിച്ചതുപോലെയായിരുന്നില്ല. വെള്ളത്തിനടിയിൽ ഫോബിനെ കണ്ടില്ല. മാത്രമല്ല തണുത്ത, കട്ടികൂടിയ വെള്ളമായിരുന്നു അതിലുണ്ടായിരുന്നത്. ലിയാം ബൊലാന്റിന് ശ്വാസംമുട്ടി.
ഒരു മരത്തിന്റെ വേരിൽ ലിയാമിന് പിടികിട്ടി. അതിൽ പിടിച്ച് വെള്ളത്തിന് മുകളിലെത്തി. തന്റെ മകൾ വെള്ളച്ചാട്ടത്തിന്റെ അടിയിലേക്ക് പോകുന്നത് ഒരുമിന്നായം പോലെ ലിയാം കണ്ടു. പക്ഷെ ഒന്നും ചെയ്യാനാകുന്നില്ല. അടുത്ത നിമിഷം വെള്ളച്ചാട്ടത്തിലുണ്ടായിരുന്ന രക്ഷാപ്രവർത്തകൻ കുളത്തിലേക്ക് എടുത്തുചാടി ഫോബിനെ കരയിലെത്തിച്ചു.
നിസാരമായ മുറിവുകളെ അവൾക്കുണ്ടായിരുന്നുള്ളു. വെള്ളത്തിന്റെ അടിയിൽ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ചും അവൾ പറയുന്നു. “” ഒരു മത്സ്യത്തെ കണ്ടു. പാറകൾകണ്ടു. ഒപ്പം ചുമയും തുടങ്ങി. ഇതോടെ ഞാൻ നീന്താൻ ശ്രമിച്ചു.
പക്ഷെ കഴിഞ്ഞില്ല. ഞാൻ അധികം പേടിച്ചില്ല”- ഫോബ് പറഞ്ഞു. വെള്ളച്ചാട്ടത്തിൽ വീണതിനെക്കുറിച്ച് ചോദിക്കുന്പോൾ ഇപ്പോഴും അവൾക്ക് അന്ന് നടന്നതിനെക്കുറിച്ച് നല്ല ഒാർമയുണ്ടെന്ന് ലിയാം ബൊലാന്റ് പറയുന്നു.
മാത്രമല്ല ഒരു പേടിയും തോന്നിയില്ലത്രേ. ഏതായാലും തങ്ങൾ നന്നായി പേടിച്ചെന്ന് ലിയാം ബൊലാന്റിയും ഭാര്യയും ഒരേ സ്വരത്തിൽ പറയുന്നു.