പാലക്കാട്: കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ ഇതര സംസ്ഥാനക്കാരായ മൂന്നു തൊഴിലാളികളെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ഇവരുടെ സുഹൃത്തുക്കൾ അക്രമാസക്തരായി.
ഇന്നലെ രാത്രി പത്തരയോടെയാണ് മൃതദേഹങ്ങൾ കണ്ടത്. സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ജാർഖണ്ഡ് പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരി ഓം കുനാൽ (29) എന്നിവരാണ് മരിച്ചത്.
കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിൽ ഇവർ വീണുകിടക്കുന്ന നിലയിലായിരുന്നു. ഹരി ഓം മരിച്ചനിലയിലും ബാക്കി രണ്ടുപേർ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റവരെ ഐഐടിയുടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
സംഭവമറിഞ്ഞെത്തിയ ഇവരുടെ സുഹൃത്തുക്കൾ അക്രമാസക്തരായി. മൃതദേഹം കൊണ്ടുപോകാൻ എത്തിയ ഫയർഫോഴ്സിന്റെ ആംബുലൻസ് അടിച്ചു തകർത്ത ഇവർ പോലീസിനെയും ആക്രമിച്ചു. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
കുനാലിന്റെ മൃതദേഹം എടുക്കാൻ അനുവദിക്കാതെയാണ് ഇതരസംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കൾ പ്രതിഷേധിച്ചത്. കഞ്ചിക്കോട്ടെ ക്യാന്പിൽ മുന്നൂറോളം തൊഴിലാളികൾ കഴിയുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യമുന്നയിച്ചു.
അതേസമയം ഇത് അപകടമരണമാണെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി സംഭവസമയത്ത് ശക്തമായ മഴ പെയ്തിരുന്നു. ട്രാക്കിലൂടെ നടന്നുവന്നവർ മഴയുടെ ശബ്ദംമൂലം ട്രെയിൻ വന്നത് അറിയാതിരുന്നതിനാലാവാം അപകടമെന്ന് പോലീസ് പറഞ്ഞു.
ഐഐടി കാന്പസിലെ ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും സംഭവസ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം മാറ്റുന്നതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. എന്തെങ്കിലും പ്രകോപനമുണ്ടാകുന്നത് ഒഴിവാക്കാൻ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.