ചാലക്കുടി: ഒരുകാലത്ത് സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ലേഡീസ് ക്ലബ് കെട്ടിടം കാടുപിടിച്ച് നശിക്കുന്നു. ചാലക്കുടി താലൂക്ക് ആശുപത്രിക്കു സമീപം പാലസ് റോഡിനരികിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം ഇന്നു നൊന്പരപ്പെടുത്തുന്ന കാഴ്ചയാണ്.
ലേഡീസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന പഴയ തലമുറയിലെ അമ്മമാർക്ക് ലേഡീസ് ക്ലബിന്റെ പഴയ പ്രതാപകാലം ഇന്നും ആഹ്ലാദിപ്പിക്കുന്ന ഓർമകളാണ്.
അന്തരിച്ച ഡോ. എം.കെ.ജോർജിന്റെ ഭാര്യ സാറാമ്മ ജോർജിന്റേയും മൂക്കൻ ചെറിയാൻ ഭാര്യ ലില്ലി ചെറിയാന്റേയും നേതൃത്വത്തിലാണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ സംരംഭങ്ങൾ എന്നിവ നല്ലനിലയിൽ നടപ്പിലാക്കിയിരുന്ന സ്ഥാപനമായിരുന്നു ഇത്. 2018 – 19 വർഷത്തെ ബജറ്റിൽ നഗരസഭ ഇത് ഏറ്റെടുക്കുന്നതിനു 25 ലക്ഷം രൂപ വകയിരുത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല.
ആദ്യകാലത്ത് കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുന്നതുവരെ ഇവിടെയാണ് പരിപാലിച്ചിരുന്നത്. ഇവരുടെ ആരോഗ്യത്തിനും മറ്റും പ്രഥമസ്ഥാനം നൽകിയിരുന്നു.
കുട്ടികളുടെ ചിത്രരചന, ഡാൻസ് തുടങ്ങി കലാപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനും ലേഡീസ് ക്ലബ് വലിയ സംഭാവനകളാണ് ചെയ്തിരുന്നത്.
ഇന്നത്തെപോലെ വിനോദോപാധികളൊന്നും ഇല്ലാതിരുന്ന കാലത്ത് സ്ത്രീകൾക്ക് വിനോദത്തിനും കലാപരമമായ കഴിവുകൾ പ്രകടിപ്പിക്കാനും ലേഡീസ് ക്ലബ് അവസരമൊരുക്കിയിരുന്നു.
ചാലക്കുടിയുടെ സാമൂഹ്യ സാംസ്കാരികരംഗത്ത് വളരെയധികം സംഭാവന നൽകിയ ലേഡീസ് ക്ലബ് കാലാന്തരത്തിൽ പ്രവർത്തനം നിലയ്ക്കുകയായിരുന്നു.
ലേഡീസ് ക്ലബിന്റെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വനിതകൾ കൊഴിഞ്ഞുപോയ വസന്തകാലത്തിന്റെ ഓർമകളുമായി ഇന്നും ജീവിക്കുന്നു.