തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ദുരൂഹ അപകടമരണവുമായി ബന്ധപ്പെട്ടു ഭാര്യ ലക്ഷ്മിയിൽനിന്ന് സിബിഐ സംഘം മൊഴിയെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചോടെ കുണ്ടമണ്കടവിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. മൊഴിയെടുക്കൽ രാത്രി വൈകും വരെ നീണ്ടു.
അപകടമുണ്ടായ സമയം ആരാണു വാഹനം ഓടിച്ചിരുന്നത് എന്നതു സംബന്ധിച്ചായിരുന്നു പ്രധാന ചോദ്യം. ഡ്രൈവർ അർജുനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും ബാലഭാസ്കർ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നുവെന്നുമുള്ള മൊഴി ലക്ഷ്മി ആവർത്തിച്ചതായാണു സൂചന. അപകടം സംബന്ധിച്ച വിശദ വിവരങ്ങളും ചോദിച്ചറിഞ്ഞു.
അപകടസമയത്ത് താനായിരുന്നു വാഹനമോടിച്ചതെന്നാണ് അർജുൻ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് മൊഴി മാറ്റി ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന് പറഞ്ഞു. ഈ സമയത്തെല്ലാം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന ലക്ഷ്മി, വാഹനം ഓടിച്ചത് അർജുനാണെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തു.
അർജുന്റെ മൊഴിമാറ്റമാണ് അപകടത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർത്തിയത്. അപകടവുമായി ബന്ധപ്പെട്ട് അർജുനെതിരേ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അർജുനെയും ബാലഭാസ്കറിനോടൊപ്പമുണ്ടായിരുന്ന പ്രകാശ് തന്പി, വിഷ്ണു എന്നിവരെയും സിബിഐ പിന്നീട് ചോദ്യം ചെയ്യും.
വരും ദിവസങ്ങളിൽ ബാലഭാസ്കറിന്റെ അച്ഛൻ, അമ്മ എന്നിവരിൽനിന്നും സിബിഐ മൊഴി രേഖപ്പെടുത്തും. അപകടസമയത്ത് ബാലഭാസ്കറിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലാണ് അന്വേഷണം തുടങ്ങിയ ഉടൻതന്നെ സിബിഐ ലക്ഷ്മിയുടെ മൊഴിയെടുത്തത്.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര, തിരുവനന്തപുരത്തേക്കുള്ള മടക്കം, അപകടം, പ്രകാശ് തന്പി, വിഷ്ണു, അർജുൻ, പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങൾ ലക്ഷ്മിയിൽനിന്ന് ചോദിച്ചറിഞ്ഞു.
2018 സെപ്റ്റംബർ 25ന് പുലർച്ചെ നടന്ന അപകടത്തിൽ ലക്ഷ്മിയും ഡ്രൈവർ അർജുനും മാത്രമാണ് രക്ഷപ്പെട്ടത്. ബാലഭാസ്കറും മകളും കൊല്ലപ്പെട്ടു. ലോക്കൽ പോലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.