ആലപ്പുഴ: ചേർത്തലയിൽ ക്വട്ടേഷൻ ആക്രമണങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 12 ഓളം പേരെയാണ് വിവിധ കേസുകളിലായി ചേർത്തല പോലീസ് പിടികൂടിയത്. വഴി തർക്കം മുതൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിന്റെ പേരിൽ വരെയാണ് ക്വട്ടേഷൻ സംഘങ്ങൾ ആക്രമണം നടത്തുന്നത്.
പ്രദേശത്തെ അസാന്മാർഗിക പ്രവൃത്തികൾ ചോദ്യം ചെയ്തതിന്റെ പേരിൽ വയലാർ സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഇല്ലന്തറച്ചിറ വീട്ടിൽ ഷൈജുവിനെ ആക്രമിച്ച കേസിൽ പിടികൂടിയത് എട്ടു പേരേയാണ്.
സുഹൃത്തിനൊപ്പം ബൈക്കിൽ വരികയായിരുന്ന ഷൈജുവിനെ പ്രതികൾ ഇരുന്പുപൈപ്പ് കൊണ്ട് അടിച്ചുവീഴ്ത്തുകയും വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൈജു ഇപ്പോഴും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വഴിത്തർക്കത്തിന്റെ പേരിൽ അഭിഭാഷകൻ അയൽവാസിയായ യുവാവിനെ വകവരുത്താൻ കൊടുത്ത ക്വട്ടേഷൻ ഏറ്റെടുത്തത് കുപ്രസിദ്ധ ഗുണ്ട നേതാവ് കഞ്ചൻ രാഗേഷും സംഘവുമാണ്.