കൊച്ചി: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട ചിലർക്ക് ഐഎസ് കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന് എൻഐഎ കോടതിയിൽ അറിയിച്ചതിനു പിന്നാലെ അന്വേഷണം സിനിമയിലേക്കും നീളുമെന്ന് ഉറപ്പായി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചിലർ സിനിമാരംഗത്ത് സജീവമായിരുന്നെന്ന റിപ്പോർട്ടുകൾ നേരത്തെതന്നെ പുറത്തുവന്നിരുന്നു. സ്വർണക്കടത്തും തീവ്രവാദവും സിനിമയുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്നതിനാൽ അന്വേഷണം വൈകാതെ സിനിമയിലേക്കും നീങ്ങുമെന്നാണ് സൂചന.
സിനിമയിലേക്കു കാര്യമായി അറിയപ്പെടാത്ത സങ്കേതങ്ങളിൽനിന്നു വലിയ തോതിൽ പണമെത്തുന്നു എന്നതു നേരത്തെ തന്നെ ചർച്ചാവിഷയമാണ്.
സിനിമയിൽ ഇങ്ങനെ പണമിറക്കിയവർക്കു തീവ്രവാദ ബന്ധങ്ങളുണ്ടോയെന്നതു പരിശോധിക്കും. ഐഎസ് ബന്ധമുള്ള കണ്ണികൾ സിനിമയിൽ പണം മുടക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ടോയെന്നതും പരിശോധനാ വിഷയമാകും.
സ്വർണക്കടത്തിൽ മുഖ്യ ആസൂത്രകനായ യുഎഇ പ്രവാസി നാലു സിനിമകളിൽ പണം മുടക്കിയിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. 2014 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന മലയാള സിനിമകളില്‍ പങ്കാളിയാകാൻ ഇവർ ശ്രമം നടത്തിയിരുന്നതായാണ് സൂചന.
ഇത്തരത്തില്‍ ബന്ധങ്ങള്‍ വളര്‍ത്തിയവർ സ്വര്‍ണക്കടത്തിനായി സിനിമയെ മറയാക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സിനിമയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട പ്രവാസി വ്യവസായി പിന്നീടു സിനിമയില്‍ നിക്ഷേപം നടത്താന്‍ തക്കവണ്ണം വളര്‍ന്നെങ്കില്‍ അതിനുള്ള പണം ഏതുവഴി എത്തിയതെന്നും സംഘം പരിശോധിക്കും. പൊളിയും എന്ന് ഉറപ്പായ സിനിമകൾക്കു പോലും പണം മുടക്കാൻ ആളുകൾ വരുന്നതാണ് ദുരൂഹത വർധിപ്പിച്ചിട്ടുള്ളത്.
ഇതിനെ വെറുമൊരു സ്വർണക്കടത്തു കേസുമായി മാത്രമായി നിസാരവത്കരിക്കാൻ സാധിക്കില്ലെന്നാണ് എൻഐഎ ഇന്നലെ കോടതിയിൽ അറിയിച്ചത്. പ്രതികളിൽ ഏതാനും പേർക്കു സംസ്ഥാനത്തുനിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ നിഗമനം.
മതപരിവർത്തനം നടത്തി യുവതിയെ ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയതിന്റെ പേരിൽ അബ്ദുൾ റഷീദ് എന്നയാൾക്കെതിരേ 2017ൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.
അബ്ദുൾ റഷീദ് പിന്നീടു കൊല്ലപ്പെട്ടു. അന്ന് ഐഎസിലെത്തിയ യുവതിയെ ഫോണിൽ ബന്ധപ്പെട്ടവരിൽ സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ചിലരുണ്ടെന്നാണ് കണ്ടെത്തൽ. എൻഐഎ കസ്റ്റഡിയിലുള്ള കെ.ടി. റമീസിൽനിന്ന് ഇതിനുള്ള തെളിവ് ലഭ്യമായതായും അറിയുന്നു.
രാഷ്ട്രീയ നേതാക്കളുടെയും വിവിധ സംഘടനകളുടെയും മറവിൽ പ്രതികളുടെ പ്രവർത്തനം കേരളത്തിൽ വിവിധ മേഖലകളിൽ വ്യാപിച്ചിരുന്നതായാണു സൂചന.
രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ തകർക്കുക മാത്രമല്ല, തീവ്രസ്വഭാവമുള്ള പ്രവർത്തനങ്ങളിൽ ഇവർ പങ്കാളികളായിരുന്നുവെന്നും നിരോധിക്കപ്പെട്ട ചില സംഘടനകളുമായി ബന്ധമുള്ളതായും വിവരമുണ്ട്.
അന്വേഷണം മുറുകിയതോടെ ഇത്തരക്കാർക്ക് അറിഞ്ഞും അറിയാതെയും ഒത്താശ ചെയ്ത ചില രാഷ്ട്രീയ നേതാക്കളും ഇപ്പോൾ അങ്കലാപ്പിലാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരും.