കോട്ടയം: കോവിഡ് ഭീതിയിൽ വഴിയാത്രക്കാർ കാഴചക്കാരായപ്പോൾ റോഡപകടത്തിൽ പൊലിഞ്ഞതു രണ്ടു ജീവിതങ്ങൾ. ഇന്നലെ ഉച്ചയ്ക്ക് നാട്ടകം കാക്കൂരിൽ രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചാന്നാനിക്കാട് തെക്കേപ്പറന്പിൽ സലിജ സുരേഷ്കുമാറിന്റെയും സുരേഷ് കുമാറിന്റെയും മകൻ വേണു എസ്.കുമാർ(28), മാണിക്കുന്നം പഴിഞ്ഞാൽ വടക്കേതിൽ രാധാകൃഷ്ണന്റെ മകൻ ആദർശ് (25) എന്നിവരാണ് മരിച്ചത്.
രക്തം വാർന്ന് 20 മിനിറ്റോളം റോഡിൽ കിടന്നിട്ടും ആരും രക്ഷിക്കാനെത്തിയില്ല എന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. കാഴ്ചക്കാർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതല്ലാതെ മുന്നോട്ടു വന്നില്ല.
കോവിഡ് വ്യാപന ഭീതിയാണ് എല്ലാവരേയും രക്ഷാപ്രവർത്തനത്തിൽ നിന്ന് അകറ്റിയതെന്നു പറയുന്നു. അപകടം ഉണ്ടായ സ്ഥലം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട സ്ഥലമാണ്. അതുകൊണ്ടു തന്നെ ആളുകളുടെ സാന്നിധ്യം കുറവായിരുന്നു.
അപകടം ഉണ്ടായത് അറിഞ്ഞ് പത്തോളം ആളുകൾ ഇവിടെ കൂടിയിരുന്നു. ഇവരിൽ ആരുംതന്നെ പരിക്കേറ്റ് റോഡിൽ കിടന്നവരെ എടുക്കാനോ സഹായിക്കാനോ എത്തിയില്ല. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ച ബൈക്ക് യാത്രികരെ സഹായിക്കാനും ആരും തുനിഞ്ഞില്ല.
മൂന്നു പേരാണ് അപകടത്തിൽപ്പെട്ടത്. പരിക്കു പറ്റിയ കാരാപ്പുഴ സ്വദേശി വിഘ്നേഷിനെ ഇതുവഴി എത്തിയ ഓട്ടോറിക്ഷയിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. മറ്റു രണ്ടു പേരെയും ആംബുലൻസ് വിളിച്ചു വരുത്തിയാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ആദർശ് മരിച്ചിരുന്നു.
ശനിയാഴ്ച തിരുവല്ലയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിലും ഓടിക്കൂടിയവർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. 10 മിനിറ്റോളമാണ് അന്നു യുവാവ് രക്തം വാർന്നു റോഡിൽ കിടന്നത്.
സഹായിക്കാൻ ശ്രമിച്ച വനിതാ ഡോക്ടർ സഹായതത്തിനു അഭ്യർത്ഥിച്ചിരുന്നെങ്കിലും മുപ്പതോളം വരുന്ന വഴിയാത്രക്കാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. എടത്വാ സ്വദേശി ജിബു എബ്രഹാം(23) ആണ് അന്നു റോഡപകടത്തിൽ മരിച്ചത്.
ഇരു സംഭവങ്ങളിലും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന തിരക്കിലായിരുന്നു കാഴ്ചക്കാരായി എത്തിയവർ.
ഇന്നലെ അപകടത്തിൽ മരിച്ച വേണു പുളിമുട് കവലയിൽ കല്ലുപാലം ബിൽഡിംഗിൽ ൽ ന്യൂ പാർവതി ഗോൾഡ് എന്ന പുതിയ സ്ഥാപനം ആരംഭിച്ചിട്ട് ഒരു മാസം മാത്രമാണ് ആയത്. വേണുവിന്റെ ഭാര്യ: ആതിര, മകൾ: രണ്ടു വയസുകാരി നിവേദ്യ. ആദർശിന്റെ മാതാവ്: ഉഷ, സഹോദരി: നയന.
ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നു പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. ആദർശിന്റെ സംസ്കാരം ഇന്നു വീട്ടു വളപ്പിൽ. വേണുവിന്റെ സംസ്കാരം പിന്നീട്.