കൊച്ചി/കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട്ടില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്. പീഡനം നടന്ന വീട് നാളുകളായി സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
നാളുകളായി ഈ വീട് കേന്ദ്രീകരിച്ച് ആശാസ്യമല്ലാത്ത പലതും നടക്കുന്നു. പ്രതികളിലൊരാളായ ഓമന എന്ന സ്ത്രീ ഇതിന് നേതൃത്വം കൊടുക്കുന്നു എന്നുള്ളതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സമീപത്തെ സ്വകാര്യ കമ്പനികളിലും മറ്റും വരുന്ന ചെറുപ്പക്കാരുള്‍പ്പെടുന്ന ആളുകളെ ഈ വീട്ടിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും ഇതുതന്നെ.
സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ മുഹമ്മദ് ഷാഫിയെ ഇവിടെത്തിച്ചതും കേസിലെ മൂന്നാം പ്രതിയായ ഓമനയാണ്. രണ്ടാം പ്രതിയും മകനുമായ മനോജും ഇത്തരം വഴിവിട്ട പ്രവര്‍ത്തികള്‍ക്ക് ഓമനക്ക് കുട പിടിച്ചിരുന്നതായാണു വിവരം.
‘കള്ളും, കഞ്ചാവും, അനാശാസ്യ പ്രവര്‍ത്തനങ്ങളും ആസ്വദിക്കാനായി പലരും ഇവിടെ ആശ്രയിച്ചിരുന്നുവത്രേ. കുറ്റകൃത്യത്തിന്റെ ക്രൂരമുഖത്തില്നിന്ന് തന്നെ ഇത് മനസിലാക്കാം. വീട് കേന്ദ്രീകരിച്ച് ലഹരി വില്പനയും ലഹരി ആസ്വാദനവും നടന്നിരുന്നതായാണു വിവരങ്ങള്‍.
വയോധികയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നു എന്നു പറയുന്ന ഇടനിലക്കാരിയായ ഇരുപ്പച്ചിറ സ്വദേശിനി ഓമനയുടെ ഇടപാടുകാരില്‍ പ്രമുഖരുടെ നിര തന്നെയുണ്ടെന്നാണ് സംസാരം. ഇവരില്‍ പലരുടേയും പേരു വിവരങ്ങള്‍ ഓമന അന്വേഷണ സംഘത്തിന് കൈമാറിയെന്നും സൂചയുണ്ട്.
ഈ പ്രദേശത്തെ കേന്ദ്രീകരിച്ച് നടക്കുന്ന മദ്യ, മയക്കുമരുന്ന് ഇടപാടുകളെ സംബന്ധിച്ചും അനാശ്യാസ പ്രവര്‍ത്തനത്തെക്കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭിച്ച സ്ഥിതിക്ക് പ്രത്യേക പോലീസ് സംഘത്തോട് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
.