തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. മംഗലപുരം പള്ളിപ്പുറത്തിനു സമീപം വച്ച് നടന്ന വാഹനാപകടത്തിൽ ആണ് ബാലഭാസ്കറും മകൾ തേജസ്വനി ബാലയും മരിച്ചത്.
അപകട സമയത്ത് അവിടെയെത്തിയ ആളുകൾ, ബാലഭാസ്കറിനെ ആശുപത്രിയിൽ എത്തിച്ച ആളുകൾ, ബാലഭാസ്കറിനെ പരിശോധിച്ച ഡോക്ടർമാർ, അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയാണ് വരുംദിവസങ്ങളിൽ രേഖപ്പെടുത്തുക.
ഇന്നലെ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു. അപകടദിവസത്തെ യാത്രകളെ സംബന്ധിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് ഇന്നലെ ലക്ഷ്മിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.