വൈപ്പിന്‍: എളങ്കുന്നപ്പുഴ വീരന്‍പുഴയില്‍ മത്സ്യബന്ധനത്തിനുപോയി വഞ്ചി മുങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നായരമ്പലം കടുവങ്കശേരി സന്തോഷിന്റെ -45 മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ നാട്ടുകാര്‍ പുഴയില്‍ നടത്തിയ തെരച്ചിലിനിടെ മുളവുകാട് കായലിലാണ് മൃതദേഹം കണ്ടെത്തിയത്. കരക്കടുപ്പിച്ച മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കാണാതായതിനുശേഷം ഇന്നലെ നേവി, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍ എന്നവരെല്ലാം കായലിലും കൊച്ചി അഴിമുഖത്തും കടലിലുമായി വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. കണ്ടെത്താനാവാതെ വന്നപ്പോള്‍ രാത്രിയോടെ തെരച്ചില്‍ നിര്‍ത്തി.
തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാട്ടുകാര്‍ വീണ്ടും സംഘടിച്ച് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ബുധനാഴച് പുലര്‍ച്ചെ കാറ്റിലും കോളിലും പെട്ട് രണ്ട് ചെറുവഞ്ചികളാണ് മുങ്ങിത്. നാലു മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ സന്തോഷ് അടക്കം മൂന്ന് പേരെ കാണാതായി.
ഒപ്പമുണ്ടയിരുന്ന എളങ്കുന്നപ്പുഴ തറേപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ മകന് സാജു -40 മത്രമാണ് രക്ഷപ്പെട്ടത്. എളങ്കുന്നപ്പുഴ പുക്കാട് അടിമക്കണ്ടത്തില്‍ സിദ്ധാര്ഥന്-54, ബന്ധുവായ നായരമ്പലം കടുവങ്കശേരി സന്തോഷ്-45, പച്ചാളം കാരത്താട്ട് പറമ്പില്‍ സാഗരന്റെ മകന് സജീവന്-57 എന്നിവരെയാണ് കാണാതായത്.
കാണാതായ സജീവന് സാജുവിന്റെ ബന്ധുവാണ്. നാലുപേരും വീരന്‍പുഴയില്‍ ഊന്നിവല തറച്ച് മത്സ്യബന്ധനം നടത്തുന്നവരാണ്. മറ്റ് രണ്ട്പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.