കോവിഡ് പ്രതിസന്ധിക്കിടയിലും പ്രൗഢഗംഭീര ചടങ്ങുകളോടെ പ്രധാനമന്ത്രി വെള്ളിക്കല്ല് പാകിയതോടെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ ക്ഷേത്ര നിര്‍മാണങ്ങളിലെ പെരുന്തച്ചന്മാര് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന സോംപുര കുടുംബമാണ് ക്ഷേത്ര നിര്‍മാണത്തിന്റെ പ്രധാന രൂപകല്പന നിര്‍വഹിച്ചത്.
30 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചന്ദ്രകാന്ത് സോംപുര എന്ന എഴുപത്തേഴുകാരന്‍ അയോധ്യയില്‍ രാംലല്ല ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്.
അന്നു വിശ്വഹിന്ദു പരിഷത് നേതാവായിരുന്ന അശോക് സിംഗാളിനൊപ്പമാണ് ചന്ദ്രകാന്ത് ആദ്യമായി അയോധ്യയില്‍ എത്തുന്നത്. വ്യവസായി ആയിരുന്ന ഘനശ്യാംദാസ് ബിര്‍ള ആണ് ചന്ദ്രകാന്തിനെ അശോക് സിംഗാളിനു പരിചയപ്പെടുത്തുന്നത്. ബിര്‍ള കുടുംബത്തിനു വേണ്ടി അതിനോടകം നിരവധി ക്ഷേത്രങ്ങളുടെ നിര്‍മാണം ചന്ദ്രകാന്ത് നടത്തിയിരുന്നു.
റാവു വിളിച്ച തച്ചന്
അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുന്‍പ് പള്ളി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ക്ഷേത്രം നിര്‍മിക്കാമോ എന്നു ചന്ദ്രകാന്തിനോട് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ചോദിച്ചിരുന്നു.
അന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒരു അയോധ്യ സെല്‍ തന്നെ രൂപീകരിച്ചിരുന്നു. ഇതനുസരിച്ചു ചന്ദ്രകാന്ത് മോസ്കിന് അരുകിലായി ക്ഷേത്രം വരുന്ന രീതിയില്‍ ഒരു രൂപരേഖ തയാറാക്കി നല്കി. ഇക്കാര്യം നരംസിംഹ റാവുവിന്റെ ആത്മകഥയിലും പറയുന്നുണ്ട്.
എന്നാല്‍, യഥാര്‍ഥ സ്ഥലത്തല്ലാതെ മറ്റൊരിടത്തും രാമക്ഷേത്രം പണിയാനാകില്ല എന്ന നിലപാടില്‍ വിശ്വഹിന്ദു പരിഷത് ഉറച്ചു നിന്നതോടെ ഈ ബദല്‍ മാര്‍ഗം തള്ളിപ്പോകുകയായിരുന്നു എന്നാണ് ചന്ദ്രകാന്ത് തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
സോംപുരയുടെ ക്ഷേത്രകല
ഇതിനോടകം രാജ്യത്തും വിദേശത്തുമായി ഇരുന്നൂറില്‍ അധികം ക്ഷേത്രങ്ങള്‍ ചന്ദ്രകാന്ത് സോംപുരയും കുടുംബവും നിര്‍വഹിച്ചിട്ടുണ്ട്. തന്റെ പ്രായവും കോവിഡ് പ്രതിസന്ധിയും കണക്കിലെടുത്തു ചന്ദ്രകാന്ത് ഇന്നലെ അയോധ്യയില്‍ നടന്ന ഭൂമി പൂജയില്‍ പങ്കെടുത്തിരുന്നില്ല.
എന്നാല്‍, അദ്ദേഹത്തിന്റെ മകൻ രാമജന്മഭൂമി ക്ഷേത്രത്തിന്റെ രൂപരേഖ തയാറാക്കിയ ആശിഷ് അയോധ്യയിലുണ്ടായിരുന്നു. ക്ഷേത്രനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ലഭിച്ചിരിക്കുന്നത് ലാര്‍സന്‍ ആൻഡ് ടുര്‍ബോ കമ്പനിക്കാണ്.
തലമുറവഴക്കം
ക്ഷേത്ര നിര്‍മാണത്തിന്റെ അറിവും കരുവിരുതും 49കാരനായ ആശിഷിലേക്കെത്തുന്നത് അച്ഛന് ചന്ദ്രകാന്തില്നിന്നും മുത്തച്ഛന് പ്രഭാശങ്കറില്നിന്നുമാണ്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിര്‍മിച്ചത് പ്രഭാശങ്കറും സോമനാഥും ചേര്‍ന്നാണ്.
1951ല്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്ര പ്രസാദായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രഭാശങ്കറിന് പിന്നീടു പദ്മശ്രീ നല്കി ആദരിച്ചു. ബദരീനാഥ് ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞു മടങ്ങി വരുന്നതിനിടെയാണ് പ്രഭാശങ്കറിന് മകന് ബല്‍വന്ത് റായിയെ ഒരു അപകട മരണത്തില്‍ നഷ്ടമാകുന്നത്.
വിശ്വകര്മാവില്നിന്നു നേരിട്ടു തങ്ങളുടെ പൂര്‍വികര്‍ കരസ്ഥമാക്കിയതാണ് ക്ഷേത്ര നിര്‍മാണ കല എന്നാണ് സോംപുര കുടുംബം വിശ്വസിക്കുന്നത്. ഇവരുടെ പൂര്വികന് രാംജിയാണ് പാലിറ്റാനയിലെ ശത്രുഞ്ജയ് ഹില്‍സിലെ ജയിന് ക്ഷേത്രം നിര്‍മിച്ചത്.
ഇദ്ദേഹമാകട്ടെ വാസ്തുശാസ്ത്രത്തില്‍ ഒരു തരത്തിലുള്ള ഔപചാരിക വിദ്യാഭ്യാസവും നേടിയിട്ടുമില്ല. എന്നാല്‍, ആശിഷ് ഉള്‍പ്പെടെ കുടുംബത്തിലെ പുതുതലമുറക്കാര് എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍ ബിരുദധാരികളാണ്.
അയോധ്യയും അനുഭവവും
ആദ്യമായി അയോധ്യയിലെ ഉള്ളിലെ ഗര്ഭഗൃഹത്തില് പ്രവേശിക്കുമ്പോള്‍ ചന്ദ്രകാന്തിനു തന്റെ അളവെടുക്കാനുള്ള ഉപകരണങ്ങള്‍ പോലും പുറത്തെടുക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. കാലടികള്‍ വച്ച് അളന്നാണ് ചില കണക്കുകള്‍ മനസില്‍ കുറിച്ചത്.
ഭാവിയിലെ ക്ഷേത്ര നിര്‍മാണത്തിനായുള്ള പ്ലാന്‍ വരയ്ക്കാന്‍ പോലും അന്ന് അനുമതി ഉണ്ടായിരുന്നില്ല. മടങ്ങിയെത്തിയ ചന്ദ്രകാന്ത് സോംപുര ആദ്യം പെന്‍സില്‍കൊണ്ടാണ് ക്ഷേത്രത്തിന്റെ രൂപരേഖ തയാറാക്കിയത്.
പിന്നീട് വിദഗ്ധര്‍ ഇതിലേക്കു മഷി പകരുകയായിരുന്നു. അതോടെ ചന്ദ്രകാന്ത് തന്റെ പിതാവ് പ്രഭാശങ്കറിനൊപ്പം സോമനാഥ് ക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണ ജന്മസ്ഥാനത്തിന്റെയും നിര്‍മാണത്തില്‍ പങ്കാളിയായതു പോലെ 1993ല്‍ ആശിഷും രാമക്ഷേത്ര നിര്‍മാണത്തില്‍ അച്ഛന്റെ ഒപ്പം സഹായത്തിനായി കൂടി.
രൂപരേഖകള്‍
ചന്ദ്രകാന്ത് സോംപുര വരച്ച മൂന്നു രൂപരേഖകളില്നിന്നാണ് വിശ്വഹിന്ദു പരിഷത് രാമക്ഷേത്രത്തിനുള്ള ഒരു മാതൃക തെരഞ്ഞെടുത്തത്. ഇതിന്റെ മാതൃക തടിയില്‍ പൂര്‍ത്തിയാക്കി തൊട്ടടുത്ത കുംഭമേളയില്‍ സന്യാസിമാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അവര്‍ അതിന് അംഗീകാരവും നല്കി.
1992നും 1996നും ഇടയില്‍ അയോധ്യയിലെ കാര്യശാലയില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. ക്ഷേത്രത്തോടു കൂട്ടിച്ചേര്‍ക്കാനുള്ള പല ഭാഗങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുക വരെ ചെയ്തു.
എന്നാല്‍, അക്കാലത്തു വിഎച്ച്പിക്കു കാര്യമായ സാമ്പത്തിക ഞെരുക്കം ഉണ്ടാകുകയും നിയമ പോരാട്ടങ്ങളിലേക്കു വഴിമാറുകയും ചെയ്തിരുന്നു. അതോടെ നിര്‍മാണ പ്രവര്‍ത്തനം മന്ദഗതിയിലായി. ചില സമയത്തു കാര്യശാലയില്‍ എട്ടോ പത്തോ പണിക്കാര് മാത്രം ശേഷിക്കുന്ന സ്ഥിതി വരെയെത്തി. എന്നാല്‍, കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും റോക്കറ്റ് വേഗത്തിലായി.
അഞ്ചു വര്‍ഷം മുന്‍പാണ് ചന്ദ്രകാന്ത് ഒടുവിലായി അയോധ്യയില്‍ പോയത്. ഇപ്പോള്‍ മക്കളായ നിഖിലും ആശിഷും നിഖിലിന്റെ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ മകന് അശുതോഷുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്.
അംബാനിക്കും ഒരമ്പലം
സോംപുര കുടുംബത്തിലെ ഇളമുറക്കാരനായ ആശിഷിന്റെ മേല്‍നോട്ടത്തില്‍ പണിതതാണ് റിലയന്‍സ് ഉടമ അനില്‍ അംബാനിയുടെ ആന്റില എന്ന കൊട്ടാരത്തിനുള്ളിലെ ക്ഷേത്രം. അക്ഷര്‍ധാം ക്ഷേത്രം, ഇംഗ്ലണ്ടിലെ ബോചന് സ്വാമി അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സന്‍സ്ഥ ക്ഷേത്രം എന്നിവയുടെ നിര്‍മാണവും സോംപുര കുടുംബം നടത്തിയതാണ്.
തയാറാക്കിയത്: സെബി മാത്യു