മൂന്നാർ: മൂന്നാർ കണ്ണൻ ദേവൻ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളിൽ ഇടിഞ്ഞുവീണ മണ്ണിനടയിൽനിന്നും പത്ത് പേരെ രക്ഷപ്പെടുത്തി. ഇവരെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
നാല് പേർ മരിച്ചതായി വിവരം ലഭിച്ചതായി ദേവികുളം തഹസിൽദാർ ജിജി കുന്നപ്പള്ളി പറഞ്ഞു. മണ്ണിടിച്ചിലിൽ നാല് ലയങ്ങളാണ് തകർന്നത്.
83 പേർ ലയത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പ്രദേശത്ത് രക്ഷപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പോലീസും അഗ്നിശമനസേനയും സ്ഥലത്തേയ്ക്ക് തിരിച്ചിരുന്നു. ആലപ്പുഴ, തൃശൂർ ജില്ലകളിൽനിന്നുള്ള എൻഡിആർഎഫ് സംഘവും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
മൂന്നാർ-രാജമല റോഡിലെ പെരിയവര പാലം ഒലിച്ചു പോയതാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം.