പൊക്കമില്ലായ്മയാണ് തന്റെ ഏറ്റവും വലിയ പൊക്കമെന്ന് വിശ്വസിക്കാനാണ് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിനിയായ ജ്യോതി ആംഗെയ്ക്ക് ഇഷ്ടം. കാരണം ജ്യോതിയുടെ ചെറിയ രൂപമാണ് അവരെ ഇന്നു ലോകമറിയുന്ന ആളാക്കി മാറ്റിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ചെറിയ സ്ത്രീ എന്ന ഗിന്നസ് റിക്കാര്‍ഡിന് ഉടമയാണ് ജ്യോതി ആംഗെ എന്ന 26 കാരി. 24 ഇഞ്ച് ഉയരവും വെറും 5.4 കിലോഗ്രാം ഭാരവുമേ ജ്യോതിക്കുള്ളൂ.
അഭിനയത്തെ ജീവനുതുല്യം പ്രണയിക്കുന്ന ജ്യോതിയുടെ ജീവിതം ഇന്നു ഹോളിവുഡ് വരെ എത്തിനില്‍ക്കുന്നു. “അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി’ എന്ന ടെലി സീരിസിലൂടെ ജ്യോതി കൂടുതല്‍ പ്രശസ്തയായി മാറിയിരിക്കുകയാണ്.
“മാ പെറ്റൈറ്റ്’ എന്ന കഥാപാത്രമായാണ് ജ്യോതി വേഷമിട്ടത്. ടിഎല്‍സി അവതരിപ്പിക്കുന്ന “എക്സ്ട്രാ ഓര്‍ഡിനറി പീപ്പിള്‍’ എന്ന മിനിസീരിസിലൂടെയും ജ്യോതി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നുണ്ട്.
ഗര്‍ഭപാത്രത്തില്‍ അനക്കമില്ലാതെ
കിഷന്‍ജി ആംഗെ-രഞ്ജന ആംഗെ ദമ്പതികളുടെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവളായി 1993 ഡിസംബര്‍ 16നാണ് ജ്യോതി ജനിക്കുന്നത്. തീരെ ചെറിയ ശാരീരികാവസ്ഥയ്ക്കും വളര്‍ച്ചാ തകരാറിനും കാരണമാകുന്ന അപൂര്‍വവും അപകടകരവുമായ ജനിതക അവസ്ഥയായ പ്രൈമോര്‍ഡിയല്‍ ഡ്വാര്ഫിസത്തോടു കൂടിയായിരുന്നു ജ്യോതിയുടെ ജനനം.
ജ്യോതി ഗര്‍ഭാവസ്ഥയില്‍ ആയിരക്കുമ്പോള്ത്തന്നെ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു എന്ന് അമ്മ രഞ്ജന പറയുന്നു. “മറ്റ് കുഞ്ഞുങ്ങളുടെ പോലെ അവള് ഒരിക്കലും എന്റെ ഗര്‍ഭപാത്രത്തില്‍ അനങ്ങിയിട്ടില്ല, മെഡിക്കല്‍ ചെക്കപ്പിനായി പോയപ്പോള്‍ പരിശോധനയില്‍ ഡോക്ടര്‍മാര്‍ക്കു പോലും അവളെ കാണാന്‍ കഴിഞ്ഞിരുന്നില്ല.
ജ്യോതി ജനിക്കുമ്പോള്‍ വെറും 1.3 കിലോഗ്രാം മാത്രമായിരുന്നു ഭാരം. മെഡിക്കല്‍ സ്റ്റാഫ് വിശ്വസിച്ചത് അവള് കുറച്ച് മണിക്കൂറുകള്‍ മാത്രമേ ജീവിക്കൂ എന്നാണ്.
പക്ഷേ, അവള് ഞങ്ങള്‍ക്കു മുന്നില്‍ ജീവിച്ചു. പ്രതികൂല സാഹചര്യങ്ങളെ എല്ലാം അതിജീവിച്ചുകൊണ്ട്. രഞ്ജന ആംഗെ പറഞ്ഞു. ജ്യോതിയുടെ മറ്റ് സഹോദരങ്ങളെല്ലാം സാധാരണ ആളുകളെപ്പോലെ ഉള്ളവരാണ്.
ആ കൗമാരക്കാരി
നാലാം വയസുമുതല്‍ സാധാരണ വലുപ്പത്തിലുള്ള കുട്ടികളോടൊപ്പം ജ്യോതി സ്കൂളില്‍ ചേര്‍ന്നു. പൊക്കവും വലിപ്പവും കുറവായിരുന്നതുകൊണ്ടുതന്നെ ഇതു പരിഹരിക്കാന്‍ അവളുടെ വലിപ്പത്തിന് അനുയോജ്യമായ ഒരു മേശയും കസേരയും നല്കി.
2009ല്‍ ഫ്യൂജി ടിവിയുടെ ബിക്കുരി ചോജിന് 100 സ്പെഷല്‍ നമ്പര്‍ 2 ല്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ജ്യോതി അറിയപ്പെട്ടു തുടങ്ങുന്നത്. ഷോയിലെ ഡോക്ടര്‍മാര്‍ കണക്കാക്കിയതനുസരിച്ച് 61.95 സെന്റീമീറ്റര്‍ (2 അടി) ആയിരുന്നു ഉയരം.
ഏറ്റവും ഉയരംകുറഞ്ഞ കൗമാരക്കാരി എന്ന ബഹുമതിക്ക് ഇതോടെ ജ്യോതി അര്‍ഹയായി. 15 വയസും വെറും 5.4 കിലോയും ആയിരുന്നു ഭാരം. ജനന സമയത്തെ ഭാരത്തേക്കാള്‍ 4.1 കിലോഗ്രാം മാത്രമാണ് വര്‍ധിച്ചത്.
കൗമാരക്കാരായ സാധാരണ പെണ്‍കുട്ടികളെപ്പോലെ ജ്യോതിയും ഫാഷനും മേക്കപ്പും ഇഷ്ടപ്പെട്ടു. ഒരു അഭിനേത്രിയാകാനുള്ള ആഗ്രഹം അന്നുമുതല്ക്കേ അവള്‍ക്കുണ്ടായിരുന്നു.
പിന്നീട് 2009ല്‍ ഭംഗ്ര താരം മിക്കാ സിംഗിന്റെ ഒരു ഗാനത്തിനായുള്ള ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. അതോടൊപ്പം തന്നെ ചാനല്‍ 4 ഡോക്യുമെന്ററിയായ ബോഡിഷോക്കില്, “ടു ഫൂട്ട് ടോള്‍ ടീന്‍’ എന്ന എപ്പിസോഡില്‍ പ്രത്യക്ഷപ്പെട്ടു.
തനിച്ചു പോകാൻ ഭയം
ആളുകളുടെ കണ്ണിൽപ്പെടാതെ തന്നെ ചവിട്ടിമെതിക്കുമോ എന്ന ഭയത്താല്‍ തനിച്ചു പുറത്തു പോകാറില്ലെന്നു ജ്യോതി പറയുന്നു. ഞാന്‍ വളരെ ചെറുതാണ്, ആളുകള്‍ക്ക് എന്നെ കാണാന്‍ പോലും കഴിയില്ല. വലിപ്പം പല കാര്യങ്ങളും ചെയ്യുന്നതിനു തടസമാകുന്നു.
എനിക്ക് എന്റെ ഇഷ്ടപ്രകാരം എവിടെയും പോകാന്‍ കഴിയില്ല, എനിക്ക് ടാപ്പ് ഓണാക്കാന്‍ കഴിയില്ല, എനിക്കു വാതില്‍ തുറക്കാന്‍ കഴിയില്ല, ആരെങ്കിലും എന്നെ എടുത്തില്ലെങ്കില്‍ എനിക്ക് ബാത്ത്റൂമിലേക്കു പോകാന്‍ കഴിയില്ല, ഞാന്‍ പുറത്തു പോകുമ്പോഴെല്ലാം ആരെങ്കിലും എന്നെ എടുത്തുകൊണ്ടു പോകണം- ജ്യോതി പറയുന്നു.
മൂന്നു മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കു മാത്രം അനുയോജ്യമായ വസ്ത്രങ്ങളാണ് ജ്യോതിക്കു പാകമാകുന്നത്. മുന്‍പ് സംഭവിച്ച ഒരു അപകടത്തെത്തുടര്‍ന്നു ജ്യോതിക്കു തുടര്‍ച്ചയായി 10 മിനിറ്റിലധികം നടക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്.
ഒരു അവധിക്കാലത്ത് കാഷ്മീരില്‍ വച്ചാണ് അപകടം സംഭവിച്ചത്. ജ്യോതിയെ എടുത്ത് നടക്കുന്നതിനിടെ അച്ഛന്റെ കൈയില്‍നിന്നു വഴുതി വീണു ജ്യോതിയുടെ രണ്ടു കാലുകളും ഒടിയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നടക്കുന്നതിനു ബുദ്ധിമുട്ടനുഭവപ്പെട്ടു തുടങ്ങിയത്.
ഗിന്നസ് റിക്കാര്‍ഡിൽ
2011 ഡിസംബര്‍ 16ന് 18 വയസ് തികഞ്ഞ നാള് മുതല്‍ ലോകത്തെ ഏറ്റവും ചെറിയ സ്ത്രീ എന്ന ഗിന്നസ് പദവി ജ്യോതി ആംഗെയുടെ പേരിലായി. സ്വന്തം നഗരമായ നാഗ്പൂരിലെ വോക്ഹാര്‍ട്ട് സൂപ്പര്‍സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ഓര്‍ത്തോപെഡിക് കണ്‍സള്‍ട്ടന്റ് ഡോ. മനോജ് പഹുകറാണ് അവളെ അളന്നത്.
നടപടികളുടെ മേല്‍നോട്ടത്തിനായി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സ് അഡ്യൂഡിക്കേറ്റര് റോബ് മൊല്ലോയ് ഉണ്ടായിരുന്നു. ജ്യോതിയുടെ ഉയരം ദിവസത്തിന്റെ വ്യത്യസ്ത സമയങ്ങളില്‍ എടുക്കുകയും ശരാശരി കണക്കാക്കുകയും ചെയ്തു.
തുടര്‍ന്നു 62.8 സെന്റീമീറ്റര്‍ (2 അടി 0.7 ഇഞ്ച്) ഉയരമുണ്ടെന്ന് കണ്ടെത്തി. യുഎസ്എയില്‍ നിന്നുള്ള 69 സെന്റീമീറ്റര്‍ ഉയരമുള്ള (2അടി 3-ഇഞ്ച്) ബ്രിഡ്ജെറ്റ് ജോര്‍ദാന്റെ റിക്കാര്‍ഡാണ് ജ്യോതി തിരുത്തിയത്. ഗിന്നസ് റിക്കാര്‍ഡിന് ഉടമയായതോടെ ജ്യോതി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു.
തുടര്‍ന്ന് നിരവധി വിദേശരാജ്യങ്ങളിലേക്ക് തന്റെ പൊക്കക്കുറവിന്റെ പിന്‍ബലത്തില്‍ ജ്യോതി യാത്ര നടത്തി. ഒട്ടനവധി ടിവി ഷോകളിലെ സ്ഥിരം സാന്നിധ്യമായും ജ്യോതി മാറി. ഇതിനിടയില്‍ ഒരു സിനിമാതാരമാകാനുള്ള ആഗ്രഹവും പൂര്‍ത്തീകരിച്ചു. 2012ല്‍ അവര്‍ ബിഗ് ബോസ് ഷോയിലെ അതിഥിയായിരുന്നു.
2014ല്‍ യുഎസ് ടിവി സീരീസായ അമേരിക്കന്‍ ഹൊറര്‍ സ്റ്റോറിയുടെ നാലാം സീസണില്‍ മാ പെറ്റൈറ്റിന്റെ വേഷത്തില്‍ ഹോളിവുഡില്‍നിന്നു ക്ഷണമെത്തി. “എന്നെപ്പോലുള്ള ആളുകള്‍ക്കു പൊക്കം കുറവായിരിക്കാം, പക്ഷേ, അഭിനയിക്കാന്‍ കഴിയും. സാധാരണക്കാര്‍ ചെറിയ ആളുകളെ കുറച്ചുകാണരുത്.’ ജ്യോതി പറയുന്നു.