മണിമല: സിനിമാ സ്്റ്റെലിൽ കാർ തടഞ്ഞു നിർത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മണിമല പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിയിൽ പറയുന്ന കാര്യങ്ങൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ പോലീസ് തയാറായിട്ടില്ല.
ചാമംപതാലിലുള്ള കോഴി ഫാമിലെ ജീവനക്കാരായ വലിയകാവ് പൂച്ചെടിയിൽ ജെഫിൻ പി. ജയിംസ് (24), വലിയകാവ് കുപ്പക്കൽ റോണി മാത്യു (23) എന്നിവരിൽ നിന്നുമാണു പണം തട്ടിയെടുത്തതെന്നാണ് പരാതി. ഇന്നലെ പുലർച്ചെ 5.30നു കൊടുങ്ങൂർ-മണിമല റോഡിൽ മണിമലയ്ക്കു സമീപമായിരുന്നു സംഭവം.
വിവിധ ഫാമുകളിൽ നിന്നും പിരിവ് നടത്തിയ ശേഷം പണവുമായി ഇന്നലെ പുലർച്ചെയാണ് ഇവർ ചാമംപതാലിൽ നിന്നും വീടുകളിലേക്ക് പുറപ്പെട്ടത്. മൂലേപ്ലാവിന് സമീപമെത്തിയപ്പോൾ പിന്നാലെ എത്തിയ കാർ ഇവരുടെ കാറിനെ മറികടന്ന് മുന്പിൽ നിർത്തി.
കാറിന്റെ മുൻഭാഗത്തെ ഡോറുകളുടെ ഇരു ഗ്ലാസുകൾ തകർത്തു. കാറിൽ നിന്നിറങ്ങിയവർ ഇവരെ വലിച്ചിറക്കിയ ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നു ബാഗിലുണ്ടായിരുന്ന പണവുമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
തന്നെയുമല്ല കുരുമുളക് സ്പ്രേ ഇവരുടെ മുഖത്തേക്ക് അടിച്ചുവെന്നും ഇവർ പറഞ്ഞിരുന്നു.എന്നാൽ ഇവരെ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ കുരുമുളക് സ്പ്രേ മുഖത്തേക്ക് വീണതിന്റെ ലക്ഷണങ്ങളില്ലെന്നു ഡോക്്ടർമാർ പറഞ്ഞതായി പോലീസ് പറഞ്ഞു.
തന്നെയുമല്ല സംഭവം നടന്നുവെന്നു പറയുന്ന സ്ഥലത്ത് സമീപത്തു ധാരാളം വീടുകളുള്ള പ്രദേശമാണ്. ഇങ്ങനെ ഒരു സംഭവം നടന്നതായോ എന്തെങ്കിലും ശബ്്ദം കേട്ടതായോ പ്രദേശവാസികൾക്കും അറിയില്ല.
കാറിന്റെ സൈഡ് ഗ്ലാസുകൾ തകർക്കുന്പോൾ വലിയ ശബ്്ദം കേൾക്കുമെന്നും തൊട്ടടുത്തള്ള വീടുകളിലുള്ളവർ സംഭവം അറിയാൻ സാധ്യതയുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ഇവർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കാറിൽ വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തിയിരുന്നു.