വൈക്കം: വൈക്കം ചെന്പിലെ കായലോരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആലപ്പുഴ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നും കുഞ്ഞ് ജനിച്ചിട്ട് 10 ദിവസമേ ആയിട്ടുള്ളുവെന്ന് വ്യക്തമായി. ഇതോടെ പോലീസ് കോട്ടയം എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നും ജനിച്ച കുഞ്ഞുങ്ങളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സഹായവും തേടിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനു സൂചനകൾ ലഭിച്ചിട്ടില്ല.
കുഞ്ഞിന്റെ മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമാണുള്ളത്. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ മരണകാരണം ആന്തരിക അവയവ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.
ഇതിനായി ആന്തര അവയവ പരിശോധന തിരുവനന്തപുരത്തെ ലാബിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബിന്റെ പ്രവർത്തനം പൂർണമായി നടക്കാത്തതിനാൽ
പരിശോധനാ ഫലം വൈകുമെന്നാണ് സൂചന. വൈക്കം എസ്എച്ച്ഒ എസ്. പ്രദീപിന്റെ നേതൃത്വത്തിൽ മൂന്നു സ്ക്വാഡായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.