ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്ത് ജീവനൊടുക്കിയതിനു പിന്നാലെ ബോളിവുഡിൽ സ്വജനപക്ഷപാതത്തെക്കുറിച്ചുളള ചർച്ചകൾ സജീവമായിരുന്നു.
താരങ്ങളുടെ മക്കൾക്കാണ് കൂടുതൽ അവസരം ലഭിക്കുന്നതെന്നും മറ്റുളളവർ തഴയപ്പെടുന്നു എന്നുമായിരുന്നു പലരുടെയും ആരോപണം. തുടർന്ന് ബോളിവുഡ് സിനിമാ ലോകത്തിനെതിരെ രൂക്ഷവിമർശനം നടത്തിയാണ് അധികംപേരും രംഗത്തെത്തിയത്.
അതേസമയം സ്വജനപക്ഷപാത വിഷയത്തിൽ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞ് നടി കരീന കപൂർ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇതേക്കുറിച്ച് സംസാരിച്ചത്.
യഥാർഥ സാഹചര്യം മനസിലാക്കുന്നതിന് പകരം ആളുകളെല്ലാം ഞങ്ങൾക്ക് നേരേ തിരിയുകയാണെന്ന് നടി പറയുന്നു. സിനിമാ പാരന്പര്യമുളളവരെയെല്ലാം നെഗറ്റീവ് ആയി കാണാതെ അതിനെ കൂടുതലായി മനസിലാക്കുകയാണ് വേണ്ടത്.
ജനങ്ങളാണ് താരങ്ങളെ സൃഷ്ടിക്കുന്നത്. ഈ ചർച്ച എനിക്ക് തീർത്തും അസ്വഭാവികമായാണ് തോന്നുന്നത്. സിനിമാ കുടുംബത്തിൽ നിന്ന് വരുന്നവരും കഠിനാദ്ധ്വാനം ചെയ്യുന്നവരാണ്. അതുകൊണ്ടാണ് ആളുകൾ അവരുടെ സിനിമകൾ സ്വീകരിക്കുന്നതും. 21 വർഷം സിനിമയിൽ നിൽക്കാൻ നെപ്പോട്ടിസത്തിന്റെ പിൻബലം കൊണ്ട ുമാത്രം കഴിയില്ല.
അത് ഒരിക്കലും സാധ്യമല്ല. വിജയം നേടാനാകാതെ പോയ താരപുത്രന്മാരുടെയും പുത്രിമാരുടെയും ഒരു നീണ്ട ലിസ്റ്റ് എനിക്കു പറയാൻ കഴിയും. കഠിനാദ്ധ്വാനം ചെയ്യുക എന്നതു മാത്രമാണ് മുന്നോട്ടുപോകാനുളള മാർഗം.
എനിക്കും പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ട ി വന്നിട്ടുണ്ടെന്ന് പറയുന്പോൾ വിചിത്രമായി തോന്നിയേക്കാം. അതൊരിക്കലും പത്തു രൂപ മാത്രം പോക്കറ്റിലിട്ട് അഭിനയ മോഹവുമായി ട്രെയിൻ പിടിച്ച ഒരാളുടെ കഷ്ടപ്പാടുകൾ പോലെയല്ല.
അവസാന വാക്ക് എന്നും പ്രേക്ഷകരുടെത് തന്നെയാണ്. ഉദാഹരണമായി ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, ആയുഷ്മാൻ ഖുറാന, രാജ്കുമാർ റാവു എന്നിവരെല്ലാം സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്നവരും പ്രേക്ഷകർ സ്വീകരിച്ചവരുമാണ്- കരീന കപൂർ പറഞ്ഞു.
ബോളിവുഡിൽ ഗ്ലാമർ റോളുകൾക്കൊപ്പം അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങളിലൂടെയും തിളങ്ങിയ താരമാണ് കരീന കപൂർ. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് നടി അഭിനയിച്ചിരുന്നത്. സെയ്ഫ് അലി ഖാനുമായുളള വിവാഹ ശേഷവും കരീന സിനിമയിൽ സജീവമാണ്.