മൂന്നാർ: രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് അടിയന്തര സഹായം. ഇടുക്കി രാമലയിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദുരന്തത്തിൽ വേദന പങ്കുവയ്ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
വേദനയുടെ ഈ മണിക്കൂറുകളിൽ തന്റെ ചിന്തകൾ ദുഃഖത്തിലായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊണ്ട് എൻഡിആർഎഫും ഭരണകൂടവും പ്രവർത്തിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.
രാജമല ദുരന്തത്തില്‍ 14 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. 12 പേരെ രക്ഷപെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.
52 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. അഗ്നിശമനസേനയും പോലീസും വനംവകുപ്പും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
പ്രദേശത്ത് മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാലാണ് അപകടവിവരം പുറത്തറിയാന്‍ വൈകിയത്. ഇവിടെ ബിഎസ്എന്‍എല്‍ ടവര്‍ ഉടന്‍ സ്ഥാപിക്കും.