വടക്കഞ്ചേരി: കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കിഴക്കഞ്ചേരി, വണ്ടാഴി എന്നീ പഞ്ചായത്തുകളിലായി 200 ൽപരം കുടുംബങ്ങൾക്ക് മാറി താമസിക്കാൻ പഞ്ചായത്തും വില്ലേജ് അധികൃതരും നിർദ്ദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു.
മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് മാറ്റി പാർപ്പിക്കുന്നത്. വണ്ടാഴി പഞ്ചായത്തിൽ കരിപ്പാലി, പെരക്കാലി കോളനി, മംഗലംഡാം കല്ലാനക്കര, ചൂരക്കോട് പ്രദേശങ്ങളിലെ താമസക്കാരോടാണ് മാറിതാമസിക്കാൻ നിർദേശം നല്കിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസ് പറഞ്ഞു.
അടിയന്തിര ഘട്ടം വന്നാൽ കുടുംബങ്ങൾക്ക് താമസിക്കാൻവിധം കടപ്പാറ സ്കൂൾ സജ്ജമാണെന്നും പ്രസിഡന്റ് അറിയിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തിൽ പാളയം,
പുഴക്കൽ തറ, കാരപ്പാടം കൂട്ടിലമൊക്ക്, മന്പാട്, കിഴക്കേ പാളയം, കണിയമംഗലം, പാലക്കുഴി തുടങ്ങിയ പ്രദ്ദേശങ്ങളിലെ നൂറിൽ പരം വീട്ടുക്കാരോടാണ് മാറി താമസിക്കാൻ പറഞ്ഞിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ പറഞ്ഞു.
പുഴയോരങ്ങളും മലയോരങ്ങളും അപകട സാധ്യത കൂട്ടുന്ന സ്ഥലങ്ങളാണ്. വി ആർ ടി, ഓടംതോട്, കവിളുപ്പാറ പ്രദേശങ്ങൾ അതീവ ജാഗ്രത കേന്ദ്രങ്ങളാണെന്ന് പ്രസിഡന്റ് പറഞ്ഞു.
കരിപ്പാലി, പാളയം, മന്പാട്, കിഴക്കേ പാളയം, ചിറ്റടി മാപ്പിളപ്പൊറ്റ, തെന്നിലാപുരം തുടങ്ങിയ പാലങ്ങളെല്ലാം മുങ്ങിയാണ് പുഴകൾ ഒഴുകുന്നത്. ഇതിനാൽ ചെറു ഗ്രാമങ്ങൾ പലതും ഒറ്റപ്പെട്ട നിലയിലാണ്.വാഹന ഗതാഗതവും തടസപ്പെട്ടു.
വൈദ്യുതി വിതരണവുമില്ലാതെ ഇരുട്ടിലാണ് മിക്ക പ്രദേശങ്ങളും. ഇന്നലെ പകൽ സമയം കാറ്റില്ലാതിരുന്നതിനാൽ വൈദ്യുതി വിതരണത്തിന്റെ പുനസ്ഥാപന ജോലികൾ വേഗത്തിലായിട്ടുണ്ട്.