മലപ്പുറം: വിമാനദുരന്തത്തില്‍പ്പെട്ടവരുടെ രക്ഷാദൗത്യത്തിനു കോവിഡും കനത്തമഴയും അവഗണിച്ച് ജീവന്‍പണയം വച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിനു കൊണ്ടോട്ടിക്കാര്‍ കൈകോര്‍ത്തു.
എപ്പോള്‍ വേണേലും തീ പടരാവുന്ന സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ജീവന് പണയം വെച്ച് ആളുകളെ വിമാനത്തില്‍ നിന്ന് പുറത്തെടുത്ത് കിട്ടുന്ന വാഹനങ്ങളില്‍ കയറ്റി അവര്‍ ആശുപത്രികളിലേക്ക് ഓടി.
ബ്ലഡ് ബാങ്കിന് മുമ്പില്‍ പാതിരാ സമയത്ത് രക്തം കൊടുക്കാന്‍ യുവാക്കള്‍ ഒഴുകിയെത്തി. ഹോസ്പിറ്റലില്‍ രോഗികളെ മാറ്റാനും മറ്റുകാര്യങ്ങള്‍ക്കും വോളണ്ടിയര്‍മാര്‍ രംഗത്തെത്തി.
അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോകുമ്പോള്‍ ഹോസ്പിറ്റലിലേക്കുള്ള റോഡില്‍ വഴി ഒരുക്കാനും നാട്ടുകാര്‍ സജീവമായിരുന്നു. കോവിഡിനും മഴക്കെടുതിക്കും ഇടയില്‍ മനുഷ്യത്വത്തിന്റെ മാതൃക കാട്ടുകയായിരുന്നു കൊണ്ടോട്ടിക്കാര്‍.
കനത്തമഴയിൽ വലിയൊരു പൊട്ടിത്തെറി ശബ്ദവും ആരവങ്ങളും കേട്ടാണ് പ്രദേശവാസികൾ ഇന്നലെ രാത്രി വീടുകളിൽ നിന്നു പുറത്തിറങ്ങിയത്. രാത്രി എട്ടുമണിയോടു കൂടി വിമാനത്താവളത്തിൽ നിന്നു കേട്ട ശബ്ദം ഏതോ ദുരന്തത്തിന്റെ നിലവിളിയാണെന്ന് അവർ തിരിച്ചറിഞ്ഞു.
കോവിഡ് നാളുകളുടെ ഭീതിയും കാലവർഷത്തിന്റെ ഭീഷണികളുമായി ആശങ്കകളുമായി കഴിയുന്ന ആളുകൾക്കിടയിലേക്കു ദുരന്തത്തിന്റെ സൂചനകളുമായാണ് ദുബായിൽ നിന്നുള്ള വിമാനം പറന്നിറങ്ങിയത്.
വിമാനത്താവളത്തിന്റെ പരിസരവാസികൾ അപകടശേഷം റെണ്വെയിലേക്കു പാഞ്ഞെത്തുകയായിരുന്നു. പൊട്ടിത്തകർന്ന വിമാനത്തിലേക്കു രക്ഷാപ്രവർത്തനവുമായി എത്തുന്ന വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർക്കൊപ്പം അവരും ചേർന്നു.
എന്താണ് സംഭവിച്ചതെന്നും എന്തു ചെയ്യണമെന്നോ അറിയാതെ ആളുകൾ പകച്ചു നിന്ന നിമിഷങ്ങൾ. വലിയൊരു ദുരന്തത്തിന്റെ ഇരകളാണ് മുന്നിലുള്ളതെന്നറിഞ്ഞതോടെ ഓരോരുത്തരം കഴിയാവുന്ന സഹായങ്ങളുമായി മുന്നോട്ടു വന്നു. ഫോണ്‍വിളികൾ നാടെങ്ങും പരന്നു.
ആംബുലൻസുകൾക്കും രക്ഷാപ്രവർത്തകർക്കും സന്ദേശങ്ങൾ പോയി. ലഭ്യമായ വാഹനങ്ങളിൽ അപ്പോഴേക്കും വിമാനയാത്രക്കാരെ കൊണ്ടോട്ടിയിലെ ആശുപത്രിയിലേക്കു മാറ്റിത്തുടങ്ങി. വൈകാതെ ആംബുലൻസുകളെത്തി ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട്ടെയും മഞ്ചേരിയിലെയും ആശുപത്രികളിലേക്കു മാറ്റി.
വിമാനത്തിൽ നിന്നു ഇന്ധനം ചോർന്നെന്ന സംശയം ഇതിനിടെ അപകടസ്ഥലത്ത് ആശങ്ക പരത്തിയിരുന്നു. ഇത്തരം അപകടങ്ങൾ ഉണ്ടാകുന്പോൾ വിമാനത്തിന്റെ ഇന്ധനടാങ്ക് തകരുകയും ഉടൻ തീപിടിത്തമുണ്ടാകുകയും പതിവാണ്. എന്നാൽ മഴമൂലം അന്തരീക്ഷം തണുത്തിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.