1945 ഓഗസ്റ്റിൽ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് ഇട്ടതോടെ രണ്ടാം ലോകമഹായുദ്ധത്തിൽ പ്രധാന പങ്കാളിയായിരുന്ന ജപ്പാൻ പരാജയം സമ്മതിച്ചു കീഴടങ്ങി. എന്നാൽ, യുദ്ധം അവസാനിച്ചെങ്കിലും കംഫർട്ട് സ്റ്റേഷനിലുള്ളവരാരും അക്കാര്യം അറിഞ്ഞില്ല- ലീ പറയുന്നു.
“പെട്ടെന്നൊരു ദിവസം കംഫർട്ട് സ്റ്റേഷന്റെ നടത്തിപ്പുകാരായ ദന്പതികൾ നാടുവിട്ടു. അവർ പോയതിനു ശേഷം പട്ടാളക്കാരാരും അവിടേക്കു വരാതെയായി. കംഫർട്ട് സ്റ്റേഷനു പുറത്തുള്ള ലോകത്ത് എന്താണ് സംഭവിക്കുന്നതെന്നു ഞങ്ങൾക്കാർക്കും മനസിലായില്ല.
ആ പട്ടാളക്കാരൻ
അങ്ങനെ കുറെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം ഒരു പട്ടാളക്കാരൻ അവിടേക്കു വന്നു. നിങ്ങൾ ഇവിടെയെന്താണ് ചെയ്യുന്നതെന്നും ഉടൻതന്നെ ഇവിടെനിന്നു പോയില്ലെങ്കിൽ കൊന്നു കളയുമെന്നും അയാൾ പറഞ്ഞു. എന്തു ചെയ്യണമെന്നോ എവിടേക്കു പോകുമെന്നോ ഞങ്ങൾക്ക് അറിയില്ലായിരുന്നു.
കൈയിൽ പണമില്ലാത്തതിനാൽ കൊറിയയിലേക്ക് എങ്ങനെ മടങ്ങും എന്നതായിരുന്നു ഞങ്ങളെ വലച്ച പ്രധാന പ്രശ്നം. ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ സേനാ ഉദ്യോഗസ്ഥൻ അയാളെ പിന്തുടരാൻ ആവശ്യപ്പെട്ടു. കംഫർട്ട് സ്റ്റേഷനു പിന്നിലുള്ള കുന്നു ലക്ഷ്യംവച്ച് അയാൾ നടന്നു. പിന്നാലെ ഞങ്ങളും.
ആ കുന്നിനു മുകളിലൂടെ നടക്കുന്പോൾ ഞങ്ങൾ കണ്ടു അങ്ങകലെയായി കത്തിയെരിയുന്ന നഗരം. ആ തീ നാളങ്ങൾ ഇന്നും എന്റെ കൺമുന്നിൽ അണയാതെ കത്തുന്നു.
ഞങ്ങളെ മലമുകളിലിരുത്തിയ ശേഷം ഞങ്ങൾക്കുള്ള ഭക്ഷണവുമായി വരാമെന്നു പറഞ്ഞു അയാൾ പോയി. എന്നാൽ, ആ ഉദ്യോഗസ്ഥൻ പിന്നീടു മടങ്ങി വന്നില്ല. ഒരുപക്ഷേ അവരുടെ തെറ്റുകൾ മറയ്ക്കാനായി ഞങ്ങളെ മനഃപൂർവം ഉപേക്ഷിച്ചതാവാം”- ലീ പറയുന്നു.
തെരുവിൽ
ഏറെ നേരം കാത്തിരുന്നതോടെ ഇനി അയാൾ വരില്ലെന്ന് അവർക്ക് ഉറപ്പായി. അതോടെ ചെറിയ സംഘങ്ങളായി രക്ഷ തേടി ഇറങ്ങി. ഒടുവിൽ എങ്ങനെയൊക്കെയോ ലീ ഉൾപ്പെടുന്ന സംഘം ചൈനയിലെത്തി. ഇതോടെ ഒപ്പമുണ്ടായിരുന്നവരും പലവഴി ചിതറി. അപ്പോഴും എത്തുംപിടിയും കിട്ടാതെ ലീ ചൈനയിലെ തെരുവുകളിൽ അലഞ്ഞു.
യുദ്ധരംഗം ശാന്തമായതോടെ താമസം ചൈനയുടെ തെരുവുകളിലാക്കി. “ഞാൻ എങ്ങനെയാണ് എന്റെ വീട്ടിലേക്ക് പോകേണ്ടത്?ഞാനൊരു കംഫർട്ട് സ്ത്രീയാണെന്നും ലൈംഗിക അടിമയാണെന്നുമെല്ലാം എന്റെ മുഖത്ത് എഴുതിവച്ചിരുന്നു. എനിക്ക് എന്റെ അമ്മയുടെ കണ്ണുകളിലേക്കു നോക്കാൻ സാധിക്കുമായിരുന്നില്ല.” – ലീ വിതുന്പി.
വിവാഹത്തിലേക്ക്
എങ്കിലും ഏതാനും വർഷങ്ങൾക്കു ശേഷം ലീ വിവാഹിതയായി. ലീയുടെ സാഹചര്യങ്ങളും അനുഭവങ്ങളും മനസിലാക്കി എത്തിയ ഒരാൾ ലീയുടെ കൈകൾ കോർത്തുപിടിച്ചു. ക്യാന്പിൽ അനുഭവിച്ച ക്രൂരതകളുടെ ഫലമായി ലീക്ക് അമ്മയാകാൻ സാധിക്കില്ലെന്നും അവർ തിരിച്ചറിഞ്ഞു.
എന്നാൽ, ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികളെയും ലീ സ്വന്തം മക്കളായി കണ്ടു സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ഇപ്പോൾ ലീ ഒരു മുത്തശ്ശിയായിരിക്കുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ജപ്പാൻ സേന നടത്തിയ ക്രൂരതയുടെ കഥകൾ പുറംലോകം അറിഞ്ഞുതുടങ്ങി.
അതോടൊപ്പം ജപ്പാൻ സേനയിൽനിന്നു നേരിട്ട പീഡനങ്ങളെക്കുറിച്ചു സധൈര്യം തുറന്നു പറയാൻ ലീയെപ്പോലുള്ള അനേകം സ്ത്രീകൾ മുന്നോട്ടുവന്നു. ഒടുവിൽ 2000ൽ ലീ കൊറിയയിലേക്കു മടങ്ങിവന്നു.
പ്രതിഷേധം
1992 മുതൽ എല്ലാ ആഴ്ചയും ദക്ഷിണ കൊറിയയിലെ ജപ്പാൻ എംബസിക്കു മുന്നിൽ കംഫർട്ട് സ്ത്രീകൾ ഒത്തുകൂടി. അവരുടെ ആവശ്യങ്ങൾ ന്യായമാണെന്നു കണ്ടതോടെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചു.
വിദ്യാർഥികളും സാമൂഹിക പ്രവർത്തകരുമെല്ലാം അവർക്കൊപ്പം ചേർന്നു. എന്നാൽ, ജപ്പാൻ ഭരണ സമിതികൾ ഇവരുടെ ആവശ്യങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചില്ല. 1965ലെ സമാധാന ഉടന്പടി പ്രകാരം നഷ്ടപരിഹാരങ്ങളെല്ലാം നൽകിയിട്ടുണ്ടെന്നായിരുന്നു അവരുടെ നിലപാട്.
മരണം വരെ
പ്രതിഷേധം ഫലം കാണുന്നില്ലെന്നു വന്നതോടെ പലരും പിന്മാറിയെങ്കിലും താൻ പിന്നോട്ടില്ലെന്നു ലീ പറയുന്നു. തന്നെപ്പോലുള്ള അനേകം സ്ത്രീകളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ പോരാടുമെന്നും അതിനു പ്രായം ഒരു തടസമല്ലെന്നും ലീ പറയുന്നു.
“ആ രാത്രി എന്നെ അവർ തട്ടിക്കൊണ്ടു പോയില്ലായിരുന്നെങ്കിൽ, അവർ എന്നെ കംഫർട്ട് സ്റ്റേഷനിൽ എത്തിച്ചില്ലായിരുന്നെങ്കിൽ, ഞാൻ ജോലി ചെയ്ത്, പഠിച്ചു ശാസ്ത്രജ്ഞ ആയേനെ. ആ ചെറുപ്രായത്തിലെ അനുഭവങ്ങൾ എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.
പിന്നീടൊരിക്കലും ഞാനെന്റെ മാതാപിതാക്കളെ കണ്ടിട്ടില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ഞാൻ പോരാടുന്നു. പക്ഷേ ഒന്നും മാറിയില്ല.”
ഇപ്പോഴത്തെ ഭരണകൂടത്തിനു കീഴിൽ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നു പറയുന്പോഴും ലീ ഒന്നു കൂടി തറപ്പിച്ചു പറയുന്നു, മരണം വരെ പോരാട്ടം തുടരുമെന്ന്.
ആ വാക്കുകളിൽ കുട്ടിക്കാലവും കൗമാരവും യൗവനവുമെല്ലാം നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ പ്രതിഷേധമുണ്ട്. പഠിച്ചു ശാസ്ത്രജ്ഞയാകാൻ ആഗ്രഹിച്ച് ഒടുവിൽ ലൈംഗിക അടിമയായി ജീവിക്കേണ്ടിവന്ന സ്ത്രീയുടെ വാശിയുണ്ട്. കാത്തിരിക്കാം ലീയുടെ പോരാട്ടം വിജയിക്കുന്നതു കാണാൻ.
(അവസാനിച്ചു).