തൃശൂർ: കെഎസ്ആർടിസി തിങ്കളാഴ്ച മുതൽ അന്തർജില്ലാ റിലേ സർവീസ് ആരംഭിക്കും. തൃശൂർ -കോഴിക്കോട് റൂട്ടിലാണു തൃശൂർ ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. തൃശൂരിൽ നിന്ന് കുറ്റിപ്പുറം വരെയാണു ബസ് എത്തുക. അവിടെ നി ന്ന് കോഴിക്കോട്ടേക്കും ബസുകൾ ഉണ്ടാകും.
കോഴിക്കോട്, തൃശൂർ ഡിപ്പോകൾ പരസ്പരം സമയക്രമീകരണം നടത്തിയാണു സർവീസ് നടത്തുക. രാവിലെ അഞ്ചരയ്ക്ക് ആദ്യ സർവീസ് കുറ്റിപ്പുറത്തേക്ക് ആരംഭിക്കും. രാവിലെ 7.10ന് അവിടെയെത്തും.
ഈ സർവീസെത്തിയാൽ കോഴിക്കോടുനിന്ന് കുറ്റിപ്പുറത്ത് എത്തുന്ന ബസ് തിരിച്ച് കോഴിക്കോട്ടേയ്ക്കു പുറപ്പെടും. ഇത്തരത്തിൽ തുടർച്ചയായി ബസുകൾ റിലേ സർവീസുകൾ നടത്തുമെന്ന് തൃശൂർ ഡിടിഒ കെ.ടി. സെബി അറിയിച്ചു.
രാത്രി 7.10ന് കോഴിക്കോട്ടേക്കും ഇതേ സമയംതന്നെ തൃശൂരിലേ ക്കും അവസാന ബസുകൾ ഉണ്ടാകും. ഇതുവരെ കോഴിക്കോട്ടേക്കു പോകാൻ സമയത്ത് ബസുകൾ കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു.
ബസുകൾ ഒരേ സ്ഥലത്തെത്താൻ സാധിക്കാത്തതിനാൽ യാത്രക്കാർക്കു ബസിറങ്ങി കോഴിക്കോട്ടേയ്ക്കു പോകാൻ പല വഴികളും സ്വീകരിക്കേണ്ടി വന്നു. ഇതിനു മാറ്റം വരുത്തുന്നതിനാണു റിലേ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്.