വി.എസ്. ഉമേഷ്
ആലപ്പുഴ: ആരവങ്ങളില്ലെങ്കിലും, ഓളപ്പരപ്പിലല്ലെങ്കിലും അനന്തു ഒറ്റയ്ക്കു തുഴഞ്ഞു… തോരാൻ കൂട്ടാക്കാതെ പെയ്തുകൊണ്ടിരുന്ന മഴയിലും ഫിനിഷിംഗ് പോയിന്റിലെ കരിങ്കൽകെട്ടിലിരുന്ന് ആവേശത്തോടെ ആഞ്ഞുതന്നെ തുഴഞ്ഞു.
കാണാനാളില്ലെങ്കിലും ഒറ്റയ്ക്കിരുന്നു ഏതാണ്ട് ഒരുമണിക്കൂറോളം തുഴഞ്ഞാണ് ആവേശവും ആഗ്രഹവും ഒന്നടക്കിയത്.
ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയിൽ പുന്നമടക്കായലിൽ ആരവങ്ങളും ആർപ്പുവിളികളും വഞ്ചിപ്പാട്ടിന്റെ ശീലുകളുമാണ് മുഴങ്ങാറ്. ചുണ്ടനും ചുരുളനും വെപ്പും ഓടിയും ഇരുട്ടുകുത്തിയും കായൽപ്പരപ്പിൽ മിന്നൽപ്പിണർ തീർത്തുകൊണ്ടു മുന്നേറേണ്ട ദിനങ്ങളിലൊന്നായിരുന്നു ഇന്നലെ.
പക്ഷേ, കൊറോണ മിന്നൽപ്പിണർ തീർത്തപ്പോൾ വള്ളംകളിയുടെ ആവേശവും ആഘോഷവുമെല്ലാം വള്ളപ്പാടുകൾക്കു പിന്നിലായി. ഓളപ്പരപ്പ് കാണാൻ കഴിഞ്ഞദിവസവും വള്ളംകളിപ്രേമികൾ ചിലരെങ്കിലും എത്തിയിരുന്നു.
കോവിഡ് -19 പിടിമുറുക്കിയതോടെ വള്ളംകളികളെല്ലാംതന്നെ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. വള്ളംകളികളുടെ തുടക്കമായ ചന്പക്കുളം മൂലം വള്ളംകളി പോലും ഇക്കുറി ചടങ്ങുമാത്രമായി ചുരുങ്ങി.
കോവിഡിന്റെ പശ്ചാത്തലത്തിൽ നെഹ്റു ട്രോഫി വള്ളംകളി ഇക്കുറി മാറ്റിയപ്പോൾ അനന്തുവിനെപ്പോലുള്ള കുറേപ്പേരുടെ സ്വപ്നങ്ങളുമാണ് ഇല്ലാതായത്. കൂട്ടുകാരും വീട്ടുകാരുമെല്ലാം വട്ടാണെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തിയെങ്കിലും അനന്തുവിനു പുന്നമടയിലേക്ക് വരാതിരിക്കാനായില്ല.
ഓട്ടോയിൽ ഒറ്റവരവായിരുന്നു. ഒരുമണിക്കൂറോളം തുഴഞ്ഞ് മടങ്ങിയും പോയി. 2013 മുതൽ വള്ളംകളി രംഗത്തുള്ളതാണ് മഞ്ചാടിക്കരി തോട്ടുവാക്കത്ത് അനന്തു.
കോട്ടയത്ത് മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയ്ക്ക് പഠിക്കുന്ന അനന്തുവിനു കഴിഞ്ഞ കുറേ ദിവസങ്ങളായി ആകെ അസ്വസ്ഥതയായിരുന്നു. കഴിഞ്ഞവർഷം കുമരകം ടൗണ് ബോട്ട് ക്ലബ്ബിനുവേണ്ടി പായിപ്പാട് വള്ളത്തിലായിരുന്നു അനന്തു തുഴഞ്ഞത്.
2014 മുതൽ വിവിധ ചുണ്ടൻ വള്ളങ്ങളിൽ തുഴഞ്ഞിട്ടുള്ള അനന്തുവിന്റെ സംഘത്തിന് ഇതുവരെ വെള്ളിക്കപ്പിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. എങ്കിലും നാലും അഞ്ചും സ്ഥാനങ്ങളിലൊക്കെയെത്താനായിട്ടുണ്ട്.
തുടർച്ചയായ മൂന്നാംതവണയാണ് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവയ്ക്കുന്നത്. രണ്ടുതവണ പ്രളയം വില്ലനായപ്പോൾ ഇക്കുറി അത് കൊറോണയായെന്നു മാത്രം. കഴിഞ്ഞ രണ്ടുകൊല്ലവും പ്രളയത്തിനു ശേഷം ഓഗസ്റ്റിലല്ലെങ്കിൽകൂടി അതേവർഷം നെഹ്റുട്രോഫി വള്ളംകളി നടത്തിയിരുന്നു.
കൊറോണ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇക്കുറി വള്ളംകളി ഉപേക്ഷിക്കാനാണ് സാധ്യത. ഇതോടൊപ്പം കഴിഞ്ഞ വർഷം തുടക്കംകുറിച്ച സിബിഎല്ലും ഉപേക്ഷിക്കപ്പെടും.