തിരുവനന്തപുരം: പെയ്യാൻ ബാക്കിനിർത്തിയത് ഒരാഴ്ചകൊണ്ട് പെയ്തു തീർത്തു. കഴിഞ്ഞ ഒരാഴ്ചകൊണ്ട് കാലവർഷം നികത്തിയത് 22 ശതമാനം മഴക്കുറവ്. നാട് പ്രളയഭീതിയിലാണ്ടപ്പോൾ കണക്കു തീർക്കുകയായിരുന്നു കാലവർഷം.
ഓഗസ്റ്റ് ഒന്നിന് 22 ശതമാനം മഴക്കുറവിലായിരുന്ന കേരളത്തിൽ ഒരാഴ്ച കൊണ്ട് പെയ്തത് ശരാശരി 411.6 മില്ലീമീറ്റർ മഴ. ഇതോടെ കാലവർഷത്തിലെ മഴക്കുറവ് ഒരു ശതമാനമായി ചുരുങ്ങുകയും ചെയ്തു.
കഴിഞ്ഞ ഒന്നിന് കേരളത്തിൽ ഏറ്റവും കൂടുതൽ മഴക്കുറവുണ്ടായിരുന്ന ജില്ലയാണ് ഇടുക്കി. 43 ശതമാനം മഴക്കുറവാണ് ഇവിടെ അന്ന് രേഖപ്പെടുത്തിയത്. എന്നാൽ കാലാവസ്ഥാ നിരീക്ഷണത്തിന്റെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇടുക്കിയിലെ മഴക്കുറവ് 12 ശതമാനമായി കുറഞ്ഞു.
57 ശതമാനം മഴക്കുറവിലായിരുന്ന വയനാട് ജില്ലയിൽ ഇപ്പോൾ 26 ശതമാനമാണ് മഴക്കുറവ്. തൃശൂരിലെ മഴക്കുറവ് 37 ശതമാനത്തിൽ നിന്ന് 21 ശതമാനമായും പാലക്കാട് ജില്ലയിൽ 27 ശതമാനത്തിൽ നിന്നും ഒരു ശതമാനം അധികമഴയിലേക്കും മഴക്കണക്കുകൾ മുന്നേറി.
ഇതിനു പുറമെ ആലപ്പുഴ, മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം കണക്കു തീർത്ത് പെയ്ത് കാലവർഷം ശരാശരി തികയ്ക്കുകയും ചെയ്തു. കാലവർഷത്തിൽ ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴ പെയ്തത് കോട്ടയം ജില്ലയിലാണ്, 24 ശതമാനം അധിക മഴ. 22 ശതമാനം അധികമഴ പെയ്ത കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നിൽ.
എന്നാൽ മഴക്കുറവ് നികത്തി തിമിർത്തു പെയ്യുന്ന കാലവർഷത്തിൽ ദുരിതക്കണക്കുകൾ പെരുകുകയാണ്. ഇടുക്കി ജില്ലയിൽ മണ്ണിടിച്ചും മലയിടിച്ചും മഴക്കലി തുടരുന്പോൾ നിരവധി ജീവനുകൾ പൊലിഞ്ഞു.
ജൂണ് ഒന്നിന് ആരംഭിച്ച കാലവർഷത്തിന്റെ ഇന്നലെവരെയുള്ള മഴക്കണക്ക്- ജില്ല-പെയ്ത മഴ(പെയ്യേണ്ട മഴ) എന്ന ക്രമത്തിൽ
കാസർഗോഡ്-2365(2277)
കണ്ണൂർ-2361.6(2043.9)
കോഴിക്കോട്-2396.9(1971.4)
വയനാട്-1436.2(1945.5)
മലപ്പുറം-1291.4(1518.9)
പാലക്കാട്-1149.2(1133)
തൃശൂർ-1316.7(1667.1)
എറണാകുളം-1536.5(1475.2)
ഇടുക്കി-1645.5(1873.8)
കോട്ടയം-1667.7(1344.4)
പത്തനംതിട്ട-1154(1136)
ആലപ്പുഴ-1130(1206.5)
കൊല്ലം-901(885.7)
തിരുവനന്തപുരം-681.1(589.8)
ഓഗസ്റ്റ് ഒന്നു വരെ പെയ്ത മഴയും(പെയ്യേണ്ടിയിരുന്ന മഴ) മില്ലീമീറ്ററിൽ
കാസർഗോഡ്-1984(2070.3)
കണ്ണൂർ-1901(1870.7)
കോഴിക്കോട്-1930.3(1815.8)
വയനാട്-750.5(1747.1)
മലപ്പുറം-945.3(1397.4)
പാലക്കാട്-757.8(1035.8)
തൃശൂർ-964.3(1533.5)
എറണാകുളം-1097.7(1358.7)
ഇടുക്കി-958.5(1694.6)
കോട്ടയം-1243.1(1241.7)
പത്തനംതിട്ട-946.8(1046.7)
ആലപ്പുഴ-864(1118)
കൊല്ലം-624(820.9)
തിരുവനന്തപുരം-517.2(553.4)
ഓഗസ്റ്റ് ഒന്നു മുതൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്ത പ്രദേശങ്ങൾ, പെയ്ത മഴ(മില്ലീമീറ്ററിൽ)
ഓഗസ്റ്റ് ഒന്ന്: തളിപ്പറന്പ്-85.4
ഓഗസ്റ്റ് രണ്ട്: തലശേരി-87
ഓഗസ്റ്റ് മൂന്ന്: വടകര-156.9
ഓഗസ്റ്റ് നാല്: പീരുമേട്-140
ഓഗസ്റ്റ് അഞ്ച്: മാനന്തവാടി-152
ഓഗസ്റ്റ് ആറ്: മാനന്തവാടി-186
ഓഗസ്റ്റ് ഏഴ്: പീരുമേട്-261
ഓഗസ്റ്റ് എട്ട്: വടകര-327
ഓഗസ്റ്റ് ഒൻപത്: കണ്ണൂർ-164.1