കാട്ടാക്കട: കോവിഡ് ബാധിച്ചുവെന്ന ഭീതിയിൽ ആരോഗ്യ പ്രവർത്തകൻ കരമനയാറ്റിൽ ചാടി. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. വീടിനുള്ളിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ തന്നിലൂടെ ആർക്കും കോവിഡ് പകരാതിരിക്കാൻ പോകുന്നു, മുങ്ങി….മുങ്ങി എന്ന് എഴുതിയിട്ടുണ്ട്.
പേയാട് കുണ്ടമൺഭാഗം കാക്കുളം റോഡിൽ ശിവ കൃപയിൽ ആരോഗ്യ ഡയറക്ടറേറ്റിലെ ഹെൽത്ത് ഇൻസ്പക്ടർ കൃഷ്ണകുമാർ (54) ആണ് കരമനയാറ്റിലെ നീലച്ചൽ കടവിൽ ചാടിയത്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകന്റെ അച്ഛന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ കൃഷ്ണകുമാറിന്റെ സഹപ്രവർത്തകന് കോവിഡ് നെഗറ്റീവായിരുന്നു. സഹപ്രവർത്തകന് രോഗം സ്ഥിരീകരിക്കാത്തതിനാൽ കൃഷ്ണകുമാർ ഉൾപ്പടെയുള്ള മറ്റ് ജീവനക്കാർക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ഇന്നലെ രാവിലെ കൃഷ്ണകുമാറിനെ കിടപ്പുമുറിയിൽ കാണാതായതോടെ വീട്ടുകാർ തെരച്ചിൽ നടത്തിയത്. തുടർന്ന് വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുലർച്ചെ 1.40 ന് വീടിന്റെ പിൻവാതിൽ തുറന്ന് കൃഷ്ണകുമാർ പുറത്തേക്ക് പോകുന്നത് കണ്ടെത്തി.
വിളപ്പിൽശാല പോലീസ് നടത്തിയ പരിശോധനയിൽ നീലച്ചൽ കടവിൽ കൃഷ്ണകുമാറിന്റെ ചെരിപ്പുകൾ കണ്ടെത്തി. കാട്ടാക്കടയിൽ നിന്ന് അഗ്നിശമനസേനയും ചെങ്കൽ ചൂളയിൽ നിന്നുള്ള സ്കൂബ ടീമും നീലച്ചൽ കടവു മുതൽ മങ്കാട്ടുകടവു വരെ വൈകുന്നേരം വരെ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല.
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് കരമനയാറ്റിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം അഞ്ചിന് സ്കൂബാ സംഘം തെരച്ചിൽ നിർത്തി മടങ്ങി. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടരും. ഗവ. പ്രസ് ജീവനക്കാരി പ്രീയയാണ് കൃഷ്ണ കുമാറിന്റെ ഭാര്യ. മക്കൾ:ഗോകുൽ, ഗോവിന്ദ് .