മൂന്നാർ: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ഉൗർജിതമാക്കി. ഇന്നു രാവിലെ എട്ടു മുതൽ തെരച്ചിൽ പുനരാരംഭിച്ചു.
ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പോലീസ്, വനംവകുപ്പ്, സന്നദ്ധ സേനാ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവരുൾപ്പെടെയാണ് തെരച്ചിൽ സംഘങ്ങളിലുള്ളത്. ദുരന്തത്തിലകപ്പെട്ടവർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയിട്ടുണ്ടാകുമെന്ന സംശയത്തിൽ പുഴയിലും പരിശോധന നടത്തും.
ഇതു വരെ മരിച്ചവരുടെ എണ്ണം 43 ആണ്. ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനു തടസമായി നിൽക്കുന്ന പാറക്കൂട്ടങ്ങൾ പൊട്ടിച്ചു നീക്കിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. പരിശീലനം ലഭിച്ച സ്നിഫർ ഡോഗുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലിലാണ് ഇന്നലെ കൂടുതൽ മൃതദേഹങ്ങൾ ദുരന്ത സ്ഥലത്തു നിന്നും ലഭിച്ചത്.
പ്രത്യേക മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധന ഉൗർജിതപ്പെടുത്തുന്നത്. ദുരന്തമേഖയോട് ചേർന്നൊഴുകുന്ന പെട്ടിമുടി പുഴയിൽ ആളുകൾ ഒഴുകിപ്പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ഇവിടെ തെരച്ചിൽ നടത്താൻ തീരുമാനിച്ചത്.
പെട്ടിമുടി മുതൽ മാങ്കുളം വരെയുള്ള ഭാഗങ്ങളിൾ ഡ്രോണ്‍ ഉൾപ്പെടെ ഉപയോഗിച്ച് വ്യാപകമായി പരിശോധിക്കാനാണ് തീരുമാനം. പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റർ വിസ്തൃതിയിലാണ് കാണാതായവർക്കായി തെരച്ചിൽ നടത്തുന്നത്. ഈ ഭാഗത്തു നിന്നാണ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
ഉരുൾപൊട്ടലിൽ കാണാതായ മുഴുവൻ പേരെയും കണ്ടെത്തുന്നതു വരെ തെരച്ചിൽ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.ആറുമാസം പ്രായമായ കുഞ്ഞടക്കം 17 പേരുടെ മൃതദേഹങ്ങൾ കൂടെ ഇന്നലെ ദുരന്ത സ്ഥലത്തു നിന്നും കണ്ടെടുത്തിരുന്നു.
അരുണ്‍ മഹേശ്വരൻ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാൾ ഗണേശൻ (45), തങ്കമ്മാൾ (45), ചന്ദ്ര (63), മണികണ്ഠൻ (22), റോസ്ലിൻ മേരി(53), കപിൽ ദേവ്(25), അഞ്ജു മോൾ (21), സഞ്ജയ് (14), അച്ചുതൻ(52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55)എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്.
രണ്ടു ദിവസമായി നടത്തിയ തെരച്ചിലിൽ 26 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.പ്രത്യേക പരിശീലനം നേടിയ നായ്ക്കളെ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയെ തരണം ചെയ്താണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശം ചതുപ്പിന് സമാനമായതും രക്ഷാപ്രവർത്തനത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട. പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റർ വിസ്തൃതിയിൽ കാണാതായവർക്കായി വനപാലക സംഘം പ്രത്യേക തെരച്ചിലും നടത്തുന്നുണ്ട്. ഈ ഭാഗത്തു നിന്നാണ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവനും ഇന്ന് പെട്ടിമുടി സന്ദർശിക്കും. ഇതിനിടെ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എൻഡിആർഎഫ് സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ നിന്നെത്തിയ 25 അംഗ സംഘം തിരികെ മടങ്ങി.