കൊണ്ടോട്ടി: ആറ് വർഷത്തിനിടെ കരിപ്പൂരിൽ വൻദുരന്തമായേക്കാവുന്ന അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടത് ഏഴ് വിമാനങ്ങൾ. ഇതിൽ നാലെണ്ണവും എയർ ഇന്ത്യയുടെ വിമാനങ്ങളാണ്. 2014 ഓഗസ്റ്റിലാണ് ജിദ്ദയിൽ നിന്നുളള എയർ ഇന്ത്യയുടെ ജെന്പോ വിമാനം കരിപ്പൂരിൽ ചക്രങ്ങൾ പൊട്ടിത്തെറിച്ച് അപകടത്തിൽ പെട്ടത്.
വിമാന ജീവനക്കാർ ഉൾപ്പടെ 390 പേരാണ് വിമാനത്തിൽ ഉണ്ടായത്. ലാൻഡിംഗ് സമയത്തുണ്ടായ അപകടം പൈലറ്റിന്റെ അവസരോചിത ഇടപെടൽ മൂലമാണ് രക്ഷയായത്. പിന്നീട് 2017ൽ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിൻ തകർന്നാണ് മറ്റൊരു അപകടമുണ്ടായത്.
റണ്‍വേയിൽനിന്ന് തെന്നിമാറിയ വിമാനം വൻദുരന്തത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 2018ൽ, പറന്നുയരാൻ പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ വാതിൽ തുറന്ന നിലയിൽ കണ്ടെത്തി. വിമാനം പറക്കാനായി റണ്‍വേയിലൂടെ കുതിക്കുന്നതിന് മുന്‍പായാണ് അപകടം കണ്ടത്.
ഉടനെ വൈമാനികൻ വിമാനം നിർത്തി. കഴിഞ്ഞ വർഷം ദമാമിൽ നിന്നുളള എയർ ഇന്ത്യ വിമാനത്തിന്റെ പിന്നിലെ ചിറക് റണ്‍വേയിൽ ഉരസിയും അപകടമുണ്ടായി. ഇതും പൈലറ്റിന്റെ അവസരോചിത ഇടപെടലാണ് ദുരന്തത്തിലേക്ക് പോവാതിരുന്നത്.
റണ്‍വേയിൽ നിന്ന് തെന്നി സ്പെയ്സ് ജെറ്റ് വിമാനം രണ്ടുതവണയും ഇത്തിഹാദ് വിമാനം ഒരുതവണയും കരിപ്പൂരിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ അപകടം വൈമാനികനും നിയന്ത്രിക്കാനാകാതെ 35 അടി താഴ്ചയിലേക്ക് കൂപ്പ് കുത്തിയതോടെ പൊലിഞ്ഞത് 18 ജീവനാണ്.