കോട്ടയം: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും ഇന്നലെ മുതൽ ജില്ലയുടെ പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിൽ മുങ്ങി ഒറ്റപ്പെട്ടിരിക്കുന്നു. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര തുടങ്ങി കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ മേഖലകളിലാണ് ജലനിരപ്പ് ഉയർന്നത്.
ഈ മേഖലയിൽ നിന്നുള്ള കുറച്ചുപേർ ദുരിതാശ്വാസ ക്യാന്പുകളിലും മറ്റുള്ളവർ ബന്ധുവീടുകളിലും അഭയം തേടിയിരിക്കുകയാണ്. വളർത്തു മൃഗങ്ങളെ ഉയരം കൂടിയ പാലത്തിൽ കെട്ടിയിട്ടിരിക്കുകയാണ്.
2018ലെ പ്രളയത്തേക്കാൾ കൂടുതൽ ജലമെത്തിയിട്ടുണ്ടെന്നും കടലിൽ വേലിയേറ്റ സമയമായതിനാൽ വെള്ളം ഒഴുകി പോകുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
ചില സമയത്ത് ഒന്നോ രണ്ടോ പേരെത്തി ഇവയെ പരിപാലിക്കുന്നതല്ലാതെ പടിഞ്ഞാറൻ മേഖലകളിൽ വീടുകളിൽനിന്ന് എല്ലാവരും ഒഴിഞ്ഞു പോയിരിക്കുന്ന അവസ്ഥയാണ്.
പടിഞ്ഞാറൻ മേഖലയിലെ ഏക്കറുകണക്കിനുള്ള വർഷകൃഷി മടവീണും ഓണത്തോടനുബന്ധിച്ചു ചെയ്തിരുന്ന പച്ചക്കറി കൃഷിയും പൂർണമായും നശിച്ചു.
അതേസമയം മീനച്ചിലാർ, മണിമലയാർ കരകവിഞ്ഞു വെള്ളം കയറിയ റോഡുകളിൽ നിന്നെല്ലാം വെള്ളമിറങ്ങുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
നഗരസഭ പ്രദേശങ്ങളായ കാരാപ്പുഴ, ചുങ്കം, ഇല്ലിക്കൽ, താഴത്താങ്ങാടി, പാറപ്പാടം, പുളിനാക്കൽ, വേളൂർ, 15ൽകടവ് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷം. പാറപ്പാടം ക്ഷേത്രം പൂർണമായും മുങ്ങി. കുമരകം റോഡിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറിയിരിക്കുകയാണ്.
കുമരകം, തിരുവാർപ്പ്, അയ്മനം പ്രദേശത്ത് ഗതാഗതം പൂർണമായി നിലച്ചു. മൂവാറ്റുപുഴയാറും കരിയാറും കൈപ്പുഴയാറും കരകവിഞ്ഞു മറവൻതുരുത്ത്, ചെന്പ്, ഉദയനാപുരം, തലയോലപ്പറന്പ്, വെള്ളൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെയും പുഴയോരത്തേയും വീടുകൾ വെള്ളത്തിലാണ്.