2012 മാര്‍ച്ച് അഞ്ചിനു രാവിലെ ചെറുപുഴയിലെ മറിയക്കുട്ടിയെ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ലണ്ടനില്‍നിന്നു സ്വിറ്റ്സര്‍ലണ്ടിലേക്കു സ്ഥലം മാറിപ്പോകുന്ന മകള്‍ ശാന്തിയുടെ അടുത്തേക്കു പോകാനുള്ള തീരുമാനമെടുത്ത മറിയക്കുട്ടി അതിനായി പാസ്പോര്‍ട്ടെടുത്തു യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. അമ്മ വരുന്ന വിവരം അറിയിച്ചിരുന്നതായി മകള്‍ ശാന്തി പോലീസിനും മൊഴിനല്‍കിയിരുന്നു. ഈ ഒരുക്കങ്ങള്‍ക്കിടയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്.
ക്രൈംബ്രാഞ്ച് വന്നിട്ടും..
ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണങ്ങള്‍ക്കു ശേഷം ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന്റെ നേരറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം രംഗത്തെത്തിയ സിബിഐയുടെയും അന്വേഷണം മരവിച്ചു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിനിടയില്‍ ‘മുങ്ങിയ’ നിരീക്ഷണ കാമറദൃശ്യങ്ങള്‍ സിബിഐ കണ്ടെടുത്തതോടെ നാട്ടുകാരില്‍ പ്രതീക്ഷയുണര്‍ത്തിയ അന്വേഷണമാണ് പിന്നീടു മരവിച്ചത്.
നാലു സ്ക്വാഡുകളായി തിരിച്ചുള്ള കാര്യക്ഷമമായ അന്വേഷണം നടത്തിയ പോലീസിനു മറിയക്കുട്ടിയുമായും ഈ വീടുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നവരാണ് കൊലപാതകത്തിനു പിന്നിലെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു.
പക്ഷേ, അതാരാണെന്നു കണ്ടെത്താൻ പോലീസിനു കഴിഞ്ഞില്ല. ഇതോടെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം അന്വേഷണവുമായി ബഹുദൂരം മുന്നോട്ടുപോയിരുന്നു.
അന്വേഷണത്തിനിടയില്‍ അന്നു ക്രൈംബ്രാഞ്ചിനു ലഭിച്ച മൊഴികളിലെ വൈരുധ്യങ്ങളുടെ പുകമറയകറ്റാന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. മറിയക്കുട്ടി കൊല്ലപ്പെട്ടതറിഞ്ഞു സംഭവ സ്ഥലത്തെത്തിയ ആള് എങ്ങനെയാണ് വിവരമറിഞ്ഞതെന്ന ചോദ്യത്തിന് ഇയാളില്‍നിന്നു പരസ്പര വിരുദ്ധമായ മൊഴികളാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചത്.
ഇതിനു പിന്നാലെപോയ അന്വേഷണ സംഘത്തിന് ഇയാള്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും ബോധ്യപ്പെട്ടിരുന്നു.
മൊഴികൾ പൊളിഞ്ഞിട്ടും
ഇയാള്‍ പറഞ്ഞ മൊഴികളെല്ലാം പൊളിച്ചടക്കിയ അന്വേഷണസംഘത്തോടു സംഭവ ദിവസം രാത്രിയില്‍ മറിയക്കുട്ടി തനിച്ചുതാമസിക്കുന്ന വീട്ടില്‍നിന്നു ആരോ വെളിച്ചവുമായി പോകുന്നതു കണ്ടെന്ന വാദമായിരുന്നു ഇയാളില്നിന്നുണ്ടായത്.
പിന്നീട് മറ്റൊരാള്‍ പറഞ്ഞിട്ടാണ് ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നു വീണ്ടും മാറ്റിപ്പറഞ്ഞു. മറ്റൊരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞതാണെന്ന മറ്റൊരു മൊഴി പരിശോധിച്ച അന്വേഷകര്‍ ഫോണ്‍ വിളിച്ചതായി പറയുന്ന സമയത്ത് ഇയാള്‍ സംഭവസ്ഥലത്തുണ്ടെന്നും കണ്ടെത്തി.
പിന്നീടു മറിയക്കുട്ടി താമസിച്ചിരുന്ന വീടിനു സമീപംതന്നെ താമസിക്കുന്ന മറിയക്കുട്ടിയുടെ മകന് സെബാസ്റ്റ്യന്‍ ജോ, ഭാര്യ ആഞ്ചല, മറിയക്കുട്ടിയുടെ ഭര്‍ത്താവ് ദേവസ്യ എന്നിവരെ സംശയനിഴലിലാക്കിയ ആരോപണങ്ങളുമുണ്ടായി.
ഇതേത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മറിയക്കുട്ടിയുടെ മക്കളെ വിശദമായി ചോദ്യം ചെയ്തിരുന്നു. പല മൊഴികളും അന്വേഷണം വഴിതെറ്റിക്കാനായി ബോധപൂര്‍വം ചിലരുണ്ടാക്കുന്നതാണെന്ന് അന്വേഷക സംഘത്തിനു ബോധ്യമായിരുന്നു. ഇക്കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണം പ്രതികളിലേക്കെത്താതെ വന്നതിനെത്തുടര്‍ന്നു മറിയക്കുട്ടിയുടെ മക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും കേസന്വേഷണം സിബിഐക്കു കൈമാറുകയുമായിരുന്നു.
സിബിഐ വന്നിട്ടും
തലേദിവസം പയ്യന്നൂരിലെത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ പോലീസ് പയ്യന്നൂരിലെ ഒരു ജ്വല്ലറിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു.
ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിനിടയില്‍ “മുങ്ങിയ’ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ സിബിഐ കണ്ടെടുത്തതോടെ നാട്ടുകാര്‍ പ്രതീക്ഷയിലായിരുന്നു. സിബിഐ സംഘം പലരെയും ചോദ്യം ചെയ്ത് അന്വേഷണം മുന്നേറുന്നതിനിടയിലാണ് കൊറോണ വ്യാപകമായത്.
ഇതോടെ കേസന്വേഷണം മരവിക്കുകയായിരുന്നു. അത്യന്തം ദുരൂഹതകള്‍ നിറഞ്ഞ ഈ കൊലപാതകത്തിനു പിന്നിലെ കരങ്ങളില്‍ താമസിയാതെ വിലങ്ങുവീഴുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.