ഗുരുവായൂർ: ക്ഷേത്ര കാര്യങ്ങളിൽ ഭരണ സമതിയും ചെയർമാനും ഇടപെടുന്നത് തെറ്റാണെന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാട്.
ഇക്കാര്യത്തിൽ ചെയർമാന്റെയും ഭരണ സമിതിയുടേയും ഇടപെടൽ കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് അറിയിച്ച് തന്ത്രി അഡ്മിനിസ്ടേറ്റർക്ക് കത്ത് നൽകി. ശാന്തിയേറ്റ കീഴ്ശാന്തിക്കാരുടെ യോഗ്യത പരിശോധിക്കാൻ ദേവസ്വം ഭരണസമിതിയിലേക്കു വിളിച്ചതു തെറ്റാണ്.
ആചാര അനുഷ്ഠാന കാര്യങ്ങളിൽ തന്ത്രിയാണ് അവസാന വാക്ക്. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുള്ളതാണ്. കീഴ്ശാന്തിക്കാരെ അഭിമുഖം നടത്തുന്നതിനും ശാന്തിയേൽക്കാൻ അനുവാദം നൽകുന്നതും തന്ത്രിയാണ്.
കീഴ്ശാന്തിക്കാരുടെ ശാന്തിയേൽക്കലുമായി ബന്ധപ്പെട്ട് കീഴ്ശാന്തിക്കാരുടെ യോഗ്യത പരിശോധിക്കുന്നതിനു ഭരണസമിതിയിലേക്ക് കീഴ്ശാന്തിക്കാരെ വിളിപ്പിച്ച നടപടിയാണ് വിവാദമായത്. കഴിഞ്ഞ മാസം നൽകിയ കത്ത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.