ന്യൂഡൽഹി: സച്ചിൻ പൈലറ്റിന്റെ മടങ്ങിവരവ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖത്തിനേറ്റ അടിയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. വിമത എംഎൽഎമാർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതിൽ പൈലറ്റ് ക്യാമ്പ് സന്തുഷ്ടരാണെന്നും എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു.
സച്ചിൻ പൈലറ്റും മുഖ്യമന്ത്രിയും സന്തുഷ്ടരാണ്. ഇത് ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖത്തിനേറ്റ നേരിട്ടുള്ള അടിയാണ്. കുതിരക്കച്ചവടം നടത്തുകയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട
സർക്കാരിനെ അട്ടിമറിക്കുകയും ചെയ്യുന്നവരാണ് അവർ. ഇത് യഥാർഥത്തിൽ ബിജെപിയുടെ തെറ്റായ ചെയ്തികൾക്കുള്ള സന്ദേശമാണ്- വേണുഗോപാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സച്ചിൻ പൈലറ്റ് തന്റെ ആവലാതികൾ വിശദമായി സംസാരിച്ചു. അവർ തുറന്ന ചർച്ചയാണ് ഇക്കാര്യത്തിൽ നടത്തിയത്.
ഈ കൂടിക്കാഴ്ചയ്ക്കു ശേഷം സച്ചിൻ പൈലറ്റ് ഉന്നയിച്ച കാര്യങ്ങൾ പരിശോധിക്കാൻ എഐസിസി മൂന്നംഗ സമിതിയെ നിയോഗിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിച്ചു- വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഒരു മാസക്കാലം പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തി നിന്നശേഷമാണ് പൈലറ്റും കൂട്ടരും കോണ്ഗ്രസിലേക്കു മടങ്ങിവരുന്നത്. സച്ചിൻ പൈലറ്റുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം രാഹുൽ ഗാന്ധി അടക്കമുള്ള കോണ്ഗ്രസ് ഉന്നത നേതൃത്വം അശോക് ഗെഹ്ലോട്ടിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്.
വിമത പ ടയൊരുക്കം അവസാനിപ്പിച്ച്, ഹരിയാനയിൽ ബിജെപിയുടെ അതിഥികളായി കഴിയുന്ന 18 എംഎൽഎമാരുമായി തിരികെ മടങ്ങാൻ കോണ്ഗ്രസ് നേതൃത്വം പ ലതവണ സച്ചിൻ പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നു.
ഒടുവിൽ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14ന് ആരംഭിക്കുകയും അശോക് ഗെഹ്ലോട്ട് വിശ്വാസ വോട്ട് തേടാനിരിക്കെയുമാണ് സച്ചിൻ മടങ്ങിവരാനുള്ള സന്ന ദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ പാർട്ടി വിഷയം മുഴുവൻ പരിഹരിക്കാൻ ഇടപെടാം എന്ന് ചർച്ചയിൽ രാഹുൽ ഉറപ്പു നൽകിയതായാണ് വിവരം. വിശ്വാസവോട്ടെടുപ്പിൽ അശോക് ഗെഹ്ലോട്ടിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് സച്ചിൻ പൈലറ്റിനും ഒപ്പമുള്ള എംഎൽഎമാർക്കും കോണ്ഗ്രസ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം.