കൊട്ടാരക്കര: കനത്ത മഴയെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു. തീരവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തിയാണ് മലവെള്ളപ്പാച്ചിൽ. കിഴക്കൻ വനമേഖലയിലെ കനത്ത മഴയും മണ്ണിടിച്ചിലുമാകാം ഈ കുത്തൊഴുക്കിനു കാരണമെന്ന് തീരവാസികൾ സംശയിക്കുന്നു.
കൊട്ടാരക്കരയിലെ ഏറ്റവും വലിയ തോടായ പുലമൺ തോട് കരകവിഞ്ഞൊഴുകുകയാണ്. കല്ലടയാറ്റിലെത്തിച്ചേരുന്ന ഈ തോട് എല്ലാ മഴക്കാലത്തും സമൃദ്ധമാണ്. എന്നാൽ കൈയ്യേറ്റങ്ങളെ തുടർന്ന് വിസ്തൃതി പരിമിതപ്പെട്ടതിനെ തുടർന്നാണ് വെള്ളപ്പൊക്ക ഭീഷണിയുണ്ടായിട്ടുള്ളത്.
പുലമൺ മുതൽ മൈലം വരെ തോടുപുറമ്പോക്കിൽ ഒട്ടനവധി കുടുംബങ്ങൾ കുടിൽ കെട്ടി താമസിച്ചു വരുന്നുണ്ട്. ഇവിടെ പല ഭാഗത്തും വെള്ളം കയറിയിട്ടുണ്ട്. ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ റവന്യു വിഭാഗം നടത്തി വരുന്നു.
കല്ലടയാറിന്റെ തീരപ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലുമാണ്. ഏനാത്ത് പാലത്തിന്റെ കൊല്ലം ജില്ലയുടെ ഭാഗങ്ങളിൽ കൽക്കെട്ടുണ്ടെങ്കിലും മറുകരയിലെ പത്തനംതിട്ട ജില്ലയുടെ ഭാഗങ്ങളിൽ കരയിടിച്ചിൽ ഭീഷണിയിലാണ്.
കടമ്പനാട്, ഐവർകാല, മഠത്തിനാൽപ്പുഴ, ആറ്റുവാശേരി, തെക്കുംചേരി, താഴം, കരിമ്പിൻ പുഴ, ചെറുപൊയ്ക തുടങ്ങിയ പ്രദേശങ്ങൾ ഭീഷണി നേരിടുന്നു. റവന്യു, പോലീസ് വിഭാഗങ്ങളെല്ലാം ഇവിടങ്ങളിൽ ജാഗ്രത പുലർത്തി വരുന്നു.