കോട്ടയം: കടലിലെ ഒറ്റനീരുകാലവും മൂവാറ്റുപുഴയാറിലെ ജലം കന്പിച്ചു നിൽക്കുന്നതും മൂലമാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽനിന്നും വെള്ളം ഇറങ്ങാൻ താമസം നേരിടുന്നതെന്ന് കുട്ടനാട് കായൽകൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ.
കടലിൽ ഇപ്പോൾ വേലിയേറ്റവും വേലിയിറക്കവും ഇല്ലാത്ത ഒറ്റനീരുകാലമാണ്. കറുത്തവാവിനും വെളുത്ത വാവിനും ഇടയിലുള്ള ഇക്കാലത്ത് കടൽ വെള്ളം വലിക്കുന്നത് കുറവാണ്.
വേലിയേറ്റ സമയത്ത് നല്ലതുപോലെ കയറിവരുന്ന വെള്ളം വേലിയിറക്കത്തിൽ അതിവേഗത്തിൽ തിരിച്ചുപോകുന്നു. രണ്ടു മൂന്നു ദിവസം കൂടി ഒറ്റനീരുകാലം തുടരും. അതിനുശേഷം വെള്ളം ഇറങ്ങും. ഇപ്പോൾ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. വേഗം കുറവാണെന്നു മാത്രം.
മൂവാറ്റുപുഴയാറിന്റെ തുടർച്ചയായ കരിയാർ, ഇത്തിപ്പുഴ, മുറിഞ്ഞപുഴ, പൂത്തോട്ട ആറുകളിൽ വെള്ളം നിറഞ്ഞുനിൽക്കുകയാണ്. ഈ വെള്ളവും തണ്ണീർമുക്കം ബണ്ടിന്റെ വടക്കുഭാഗത്തുകൂടിയാണ് കടലിലേക്ക് പോകുന്നത്. ഇതുമൂലം മീനച്ചിലാറ്റിലെ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിരിക്കുകയാണ്.
ആറുകളിലും തോടുകളിലും പാടങ്ങളിലും കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വൻതോതിൽ എക്കൽ അടിഞ്ഞു കൂടിയതും വെള്ളപ്പൊക്കത്തിനു കാരണമായിട്ടുണ്ട്. എസി കനാലിലും ഇതാണ് സ്ഥിതി. ഇത് നീക്കം ചെയ്യേണ്ടതുണ്ട്.
കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ വലിയ പ്രളയമൊന്നുമുണ്ടായില്ല. വെള്ളം ഇറങ്ങാൻ താമസമുണ്ടായി എന്നു മാത്രം. പടിഞ്ഞാറൻ മേഖലയിലെ ആളുകൾ ഇത്തവണ വെള്ളപ്പൊക്ക മുന്നൊരുക്കം നടത്തിയിരുന്നു. എടത്വ, രാമങ്കരി ഭാഗത്തും കുട്ടനാട്ടിലും കഴിഞ്ഞ മാസം വൻതോതിൽ ഫൈബർ ബോട്ടുകളുടെയും വള്ളങ്ങളുടെയും കച്ചവടം നടന്നു.
എല്ലാ വീട്ടിലും ഒരു ബോട്ടും വള്ളവും ഉണ്ടായി. കൂടാതെ തോട്ടപ്പിള്ളി സ്പിൽ വേയിൽ മണ്തിട്ട മുറിച്ചും മറ്റുമായി സർക്കാരും മുന്നൊരുക്കങ്ങൾ നടത്തിയതിനാലാണ് ദുരിതം കുറഞ്ഞതെന്ന് കെ.ജി. പദ്മകുമാർ പറഞ്ഞു.