അയോദ്ധ്യയില്‍ ഉയരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയെ അഭിനന്ദിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് തനിക്ക് നേരെ നിരവധി ബലാല്‍സംഗ,വധ ഭീഷണികള്‍ വരുന്നുണ്ടെന്ന് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസീന് ജഹാന്.
വധഭീഷണിയുടെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ എടുത്ത് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഹസീന് തന്നെയാണ് വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പോലീസിന്റെ സൈബര്‍ ക്രൈമിന് വിവരം കൈമാറി.
കഴിഞ്ഞ ദിവസം രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ടതിന് പിന്നാലെ ‘ അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമി പൂജയില്‍ എല്ലാ ഹിന്ദു സഹോദരങ്ങള്‍ക്കും അഭിനന്ദനം’ എന്ന ക്ഷേത്രത്തിന്റെയും ശ്രീരാമന്റെയും ചിത്രങ്ങളോടെ ജഹാന് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി ചിലര്‍ എത്തിയത്.
ഇതില്‍ ഹസീബ് ഖാന് എന്നയാള്‍ ജഹാനെ ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മറ്റ് ചിലര്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. അതേസമയം ഇത്തരം പ്രതികരണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നാണ് കരുതുന്നതെന്നുമാണ് ഹസീന് ജഹാന്റെ പ്രതികരണം.
ഒരേ ആളുകള്‍ നിരന്തരം ബലാത്സംഗ, വധഭീഷണി ഉയര്‍ത്തുന്നു. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയിലൂടെയെല്ലാം ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ താന്‍ നിസ്സഹായയായി പോകുന്നുവെന്നും പെണ്മക്കളുടെ സുരക്ഷിതത്വവും ആശങ്കപ്പെടുത്തുന്നുവെന്നും ഹസീന് ജഹാന് പറയുന്നു. ഇത് തനിക്ക് ഓരോ നിമിഷവും ദുസ്വപ്നമായി മാറുകയാണെന്നും ഹസീന് ജഹാന് കൂട്ടിച്ചേര്‍ത്തു.