മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കായി ഇന്നു രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. രാവിലെ എട്ടരയോടെയാണ് തെരച്ചിൽ പുനരാരംഭിച്ചത്.
പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളി ഉയർത്തുകയാണെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഇതുവരെ ദുരന്ത േഖലയിൽ നിന്നു കണ്ടെത്തിയത് 49 മൃതദേഹങ്ങളാണ്. ഇനി ഒൗദ്യോഗിക കണക്കുപ്രകാരം 21 പേരെയാണ് കണ്ടെത്താനുള്ളത്.
ഇന്നലെ ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. വിനോദിനി (14) രാജലക്ഷ്മി (12) പ്രതീഷ് (32) വേലുത്തായ് (58) ജോഷ്വ (13) വിജയലക്ഷ്മി (8) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതിൽ വിനോദിനിയും രാജലക്ഷ്മിയും സഹോദരിമാരാണ്.
ദുരന്ത സഥലത്തിനോട് ചേർന്നൊഴുകുന്ന് പുഴയിൽ നിന്നാണ് ഇന്നലെ ആറു മൃതദേഹങ്ങളും കണ്ടെത്തിയത്. അതിനാൽ ഇന്നും പുഴ കേന്ദ്രീകരിച്ചായിരിക്കും പ്രധാന പരിശോധന നടക്കുന്നത്.
എന്നാൽ മണ്ണും പാറയും അടിഞ്ഞു കൂടിയ ദുരന്ത സ്ഥലത്ത് ജെസിബി ഉപയോഗിച്ച് കൂടുതൽ ആഴത്തിലും തിരച്ചിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രത്യേക പരിശീലനം ലഭിച്ച രണ്ടു സ്നിഫർ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലും ഫലപ്രദമായിരുന്നു.
എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, സ്കൂബാ ഡൈവിംഗ്, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവർത്തകർ, സേവാഭാരതി, തമിഴ്നാട് വെൽഫെയർ തുടങ്ങിയ സംഘങ്ങളായിരുന്നു വിവിധയിടങ്ങളിൽ തെരച്ചിലിന് നേതൃത്വം നൽകുന്നത്.
ഇതിനിടെ പ്രദേശത്ത് കോവിഡ് രോഗ ഭീഷണിയും നില നിൽക്കുന്നുണ്ട്. ഇതേത്തുടർന്ന് കനത്ത ജാഗ്രതയിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്.