കോട്ടയം: കുമാരനല്ലൂർ മക്കാ മസ്ജിദ് നേർച്ചപ്പെട്ടി കുത്തി തുറന്നു മോഷണം നടത്തിയ പ്രതിയെ പിടികൂടിയെങ്കിലും മേഖലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ നടന്ന മറ്റു മോഷണക്കേസ് പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ.
കുമാരനല്ലൂരെ വ്യാപാര സ്ഥാപനങ്ങൾ, കാണിക്കമണ്ഡപം, ഭണ്ഡാരങ്ങൾ എന്നിവയിൽനിന്നും മോഷണം നടത്തിയവരെപ്പറ്റി യാതൊരു വിവരവുമില്ല. കൊല്ലം ആലുമൂട് ബിൻസി ഭവനിൽ ബിജു(52)വിനെയാണ് മക്കാ മസ്ജിദ് നേർച്ചപ്പെട്ടി കുത്തിത്തുറന്നു മോഷണം നടത്തിയതിനു ഗാന്ധിനഗർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒന്നിന് രാത്രി 12.30നായിരുന്നു മോഷണം. സംഭവ സ്ഥലത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി 25ൽപ്പരം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. മറ്റൊരു കേസിൽ 2019ൽ ജയിൽ മോചിതനായശേഷം ചായക്കടകളിലും മറ്റുമായി പകൽ സമയം ജോലി ചെയ്തു രാത്രി കാലങ്ങളിൽ മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗാന്ധിനഗർ എസ്എച്ച്ഒ ജി. ഗോപകുമാർ, എസ്ഐമാരായ പ്രദീപ്, സജിമോൻ, ഷിബുക്കുട്ടൻ, തോമസ്, സിപിഒമാരായ അനീഷ്, രാഗേഷ്, ബാബു, രാജേഷ്, ബൈജു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.