നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയായി സാന്ദ്ര പങ്കുവയ്ക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും ഇരട്ട കുട്ടികളായ കെൻഡലിനും കാറ്റ് ലിനും ആണ് താരങ്ങൾ.
ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികളെ സാന്ദ്രയും ഭർത്താവ് വിൽസണും വിളിക്കുന്നത്. കുഞ്ഞുങ്ങൾ പാടത്തും പറന്പിലും കളിക്കുന്ന വീഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ ഇതിന്റെ പേരിൽ സാന്ദ്രക്ക് വിമർശനങ്ങളും നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോൾ വിമർശകരുടെ വായ അടപ്പിക്കുന്ന രീതിയിലാണ് സാന്ദ്ര മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
സാന്ദ്രയുടെ കുറിപ്പിന്റെ പൂർണരൂപം…
എന്റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു. ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞ് ആസ്വദിച്ച കുട്ടികളാണവർ.
ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ.
ഞാൻ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്. ഞാൻ ആദ്യം അവരെ ചെളിയിൽ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു വളം കടിക്കുമെന്ന്.
ഞാൻ അവർക്കു പഴങ്കഞ്ഞി കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്. ഞാൻ അവരെ തന്നെ വാരി കഴിക്കാൻ പഠിപ്പിച്ചപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്.
ഞാൻ അവർക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവർക്കു ഇംഗ്ലീഷ് ആൽഫബെറ്റ് പറഞ്ഞു കൊടുക്കൂ എന്ന്. ഞാൻ അവർക്കു അഹം ബ്രഹ്മാസ്മി എന്ന് പറഞ്ഞു കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളിൽ ആണെന്ന്.
ഇപ്പോൾ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികൾ എന്ന്. എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനമായതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്.
എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ്. ശുഭം !