ഒരു കാര്യം ഉറപ്പിച്ചു പറയാം, ദൈവത്തിന്റെ കാവലിൽ രക്ഷയുടെ മാലാഖമാരായി വന്നിറങ്ങിയ നാട്ടുകാരുടെയും ജീവനക്കാരുടെയും സ്വന്തം ജീവൻ മറന്നുള്ള സ്നേഹാർപ്പണമാണ് കരിപ്പൂർ വിമാനദുരന്തത്തിലെ മരണസംഖ്യയെ 18ൽ പിടിച്ചു നിർത്തിയത്.
വിമാനം താഴുന്നതു മുതൽ ദുരന്തത്തിൽപെട്ട യാത്രക്കാരിൽ അവസാനത്തെയാളെയും കാറിൽ കയറ്റുന്നതുവരെയുള്ള അനുഭവം പങ്കിടുകയാണ്, എയർഇന്ത്യ ഗ്രൗണ്ട് ഹാൻഡ്ലിങ് സർവീസ് (കാർഗോ വിഭാഗം) ജീവനക്കാരൻ ജൗഹർ പുന്നക്കൽ.
2020 ഓഗസ്റ്റ് ഏഴ്
വെള്ളിയാഴ്ച രാത്രി 7.41. ദുബായിൽ നിന്നു വരുന്ന വിമാനത്തിൽനിന്ന് കാർഗോയും രേഖകളും ശേഖരിക്കാനുള്ളതിനാൽ വിമാനം ലാൻഡ് ചെയ്യുന്നതിനു മുന്പുതന്നെ റാംപ് സൈഡിൽ എത്തിയിരുന്നു. ലാൻഡിങ് നേരിൽ കണ്ടു കൊണ്ടിരിക്കുകയാണ്. നിലം തൊട്ടു റണ്വേയിലൂടെ പോയ വിമാനം പെട്ടെന്ന് അപ്രത്യക്ഷമായി.
അന്പരന്നു പോയി. നിമിഷങ്ങൾക്കുള്ളിൽ തന്നെ വിമാനം പോയ ഭാഗത്തേക്ക് ഫയർ എൻജിൻ ചീറിപ്പായുന്നതാണ് കണ്ടത്. തൊട്ടു പുറകെ സിഐഎസ്എഫ് വാഹനവും ആ ഭാഗത്തേക്കു കുതിക്കുന്നതു കണ്ടതോടെ എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്നുറപ്പായി.
ഫയർഫോഴ്സിന്റെ വാഹനത്തിൽ ഞങ്ങളും ഉടനെ അപകടസ്ഥലത്തെത്തി. അപ്പോഴേക്കും നാട്ടുകാർ അവിടെയെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. മൊബൈൽ വെളിച്ചത്തിലാണ് യാത്രക്കാരെ പുറത്തെടുത്തു കൊണ്ടിരുന്നത്.
ചുറ്റും വിമാന ഇന്ധനം
ഫ്ളൈറ്റിന്റെ ഇന്ധനം പുറത്തേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഓർമവന്നത് 2010 മേയ് 22ലെ മംഗളൂരു വിമാനദുരന്തമായിരുന്നു. നിലത്തു വീണ വിമാനം കത്തിയമർന്ന് 164 യാത്രക്കാരിൽ 158 പേരും വെന്തുമരിച്ച സംഭവം.
ഇന്ധന ടാങ്കിനെങ്ങാനും തീപിടിച്ചാൽ …പക്ഷേ, പ്രത്യാഘാതങ്ങളെക്കുറിച്ച് ഇവിടെ ഒരാളും ചിന്തിച്ചില്ല. ദൈവത്തിൽ ഭരമേല്പിച്ചുകൊണ്ട്
രണ്ടും കൽപ്പിച്ചുള്ള രക്ഷാപ്രവർത്തനത്തിൽ മുഴുകുകയായിരുന്നു.
മൊബൈലിന്റെ ചെറിയൊരു സ്പാർക്ക് പോലും വലിയ അപകടത്തിന് കാരണമാകും. സിഐഎസ്എഫ് അപകട സാധ്യതവിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ, ആരും കേട്ട ഭാവം കാണിച്ചില്ല. പൊട്ട്യാലും, മരിച്ചാലും വേണ്ടീല അപകടത്തിൽ പെട്ട ഒരാളുടെയും ജീവൻ നഷ്ടപ്പെടരുത് എന്നതു മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം.
സ്വന്തം ജീവൻ പോയാലും.. പുറത്തെടുക്കുന്പോഴേക്ക് ആശുപത്രികളിലെത്തിക്കാൻ നാട്ടുകാർ വാഹനങ്ങളുമായി സജ്ജമായിരുന്നതിനാൽ ഒട്ടും താമസമുണ്ടായില്ല. ഒരു സ്ത്രീയെ പുറത്തെടുത്ത് കിടത്തി, വണ്ടിക്കാരെ വിളിക്കാൻ പോവുകയായിരുന്നു,
’ഇക്കാ നിങ്ങള് പോവല്ലേ, ഞാൻ മരിച്ചുപോകും’ എന്നു പറഞ്ഞ്പൊട്ടിക്കരഞ്ഞു. കാലിന്റെ പിടിവിട്ടില്ല, ഞാനവരെയും താങ്ങിയിരുന്നു, അപ്പോഴേക്ക് കാറുമായി ആളുകളെത്തി. ആശുപത്രിയിലേക്കു വിട്ടു.
പേടിച്ചരണ്ട കുട്ടികൾ
പൊട്ടിക്കരയുന്ന കുട്ടികളെയാണ് ആദ്യം പുറത്തെടുത്തത്, കുട്ടികൾ പേടിച്ചരണ്ടുപോയിരുന്നു, വരാൻ തയാറാകുന്നില്ല, എല്ലാരും ഉമ്മാനെ വിളിച്ച് കര്യാണ്. പിന്നെ, ഉമ്മാന്റെടുത്തേക്കു കൊണ്ടുപോവ്വാന്ന് പറഞ്ഞാണ് കാറിൽ കയറ്റിയത്.
എങ്ങനെയെങ്കിലും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായിരുന്നു എല്ലാവരും ശ്രമിച്ചത്. കുറേപേരെ കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ലഗേജും കുട്ടികളുടെ കളിക്കോപ്പുകളും പുസ്തകങ്ങളുമെല്ലാം ചിതറിക്കിടക്കുകയായിരുന്നു. വിമാനം കത്താതിരുന്നത് അത്ഭുതവും ഭാഗ്യവുമായി. അത് ദൈവത്തിന്റെ വലിയ അനുഗ്രഹമായി കാണുന്നു. ഫയർ ഫോഴ്സിന്റെ സമയോചിതമായ മുൻകരുതലോടൊപ്പം കോരിച്ചൊരിഞ്ഞ മഴയും ഒരു കണക്കിന് അനുഗ്രഹമായി.
എട്ടുമണിയോടെ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങൾ പതിനൊന്നരയോടെയാണ് അവസാനിച്ചത്. യാത്രക്കാരെ പൂർണമായി പുറത്തെടുത്തെന്ന് ഉറപ്പു വരുത്തിയ ശേഷം.
മഴയിൽ നനഞ്ഞു കുതിർന്നതും തണുപ്പിൽ വിറച്ചു ശരീരം കോച്ചുന്നതും വിശപ്പും ക്ഷീണവുമെല്ലാം എല്ലാവരും പിന്നീടാണറിഞ്ഞത്. ദൈവനിയോഗവും കർത്തവ്യനിർവഹണമായേ അവിടെ എല്ലാവരും രക്ഷാപ്രവർത്തനങ്ങളെ കണ്ടുള്ളൂ.