ലളിതമ്മയ്ക്ക് മറ്റൊന്നും വേണ്ട; അടച്ചുറപ്പുള്ള വീട് മാത്രം മതി
അഞ്ചല്‍: മഴയിലും കാറ്റിലും തകര്‍ന്ന കൂരയ്ക്ക് മുന്നില്‍ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് വിധവയായ ഈ വീട്ടമ്മ. അടച്ചുറപ്പുള്ള ഒരു വീടിന് വേണ്ടി വര്‍ഷങ്ങളായി ലളിതമ്മ മുട്ടാത്ത വാതിലുകളില്ല.
പക്ഷേ ഇവരുടെ ദുരിതം കാണാന്‍ അധികൃതര്‍ തയാറായതുമില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള നനഞ്ഞു കുതിര്‍ന്ന വീട് തകര്‍ന്ന് വീഴാന്‍ അധികനേരമെടുത്തില്ല. ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇവര്‍.
അഞ്ചൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ചീപ്പുവയൽ കൃഷ്ണവിലാസത്തിൽ ലളിതമ്മയുടെ വീടാണ് ഇന്നലെ രാത്രിയിലെ മഴയിൽ തകർന്നുവീണത്. പലപ്രാവശ്യവും അധികാരികൾ ലളിതമ്മയുടെ വീട് വാസയോഗ്യമാണെന്ന് പറഞ്ഞ് വീട് നൽകാതെ മുഖംതിരിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ ലളിതമ്മയുടെ വീട് നിലം പോത്തിയിരിക്കുകയാണ്. രണ്ടു വർഷമായി വീടിന് അപേക്ഷ കൊടുക്കുമ്പോൾ വില്ലേജോഫിസർ ഉൾപ്പെടെയുള്ളവർ വീട്ടിൽ വന്നു വീടിന്റെ അവസ്ഥ നോക്കാതെ സമീപപ്രദേശങ്ങളിൽ വന്നു തിരക്കി തിരികെ പോകാറാണുള്ളതെന്നും ഇവര്‍ പറയുന്നു.
വീട് താമസയോഗ്യമാണെന്നു എഴുതിയ ഉദ്യോഗസ്ഥർക്ക് മറുപടിയായി ലളിതമ്മ വീടിന്റെ ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽകൂടി ഉദ്യോഗസ്ഥർക്കു കാട്ടി കൊടുത്തിരുന്നു.
എന്നിട്ടും ഉദ്യോഗസ്ഥരുടെയോ പഞ്ചായത്തധികൃതരോ കണ്ണുതുറന്നില്ല. ഇപ്പോൾ തകർന്നു കയറി കിടക്കാൻഒരിടമില്ലാതെ, ഒരാശ്രയമില്ലാതെ ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ് തനിച്ച് താമസിച്ചുവന്ന ഈ 54 കാരിയായ വിധവ. ഇനിയെങ്കിലും അധികൃതരുടെ കണ്ണു തുറക്കുമെന്നുള്ള പ്രതീക്ഷയിലാണ് ലളിതമ്മ.