നെല്ലിയാന്പതി: തോട്ടം തൊഴിലാളികളും ആദിവാസികളും അന്യസംസ്ഥാന തൊഴിലാളികളും തിങ്ങിപാർക്കുന്ന മലയോര മേഖലയായ നെല്ലിയാന്പതിയിലെ ഏക അക്ഷയകേന്ദ്രം കൈകാട്ടി ജംഗ്ഷനിലെ റോഡുവക്കത്തെ വേലുസാമിയുടെ ചായക്കടയിൽ.
വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങൾ സമീപിക്കുന്ന ഈ അക്ഷയകേന്ദ്രത്തിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ, പൊതുജനങ്ങൾ റോഡിലാണ് നില്‍ക്കുന്നത്.
കോവിഡ് ഭീഷണി നേരിടുന്ന ഈ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുവാനുള്ള പശ്ചാത്തല സൗകര്യങ്ങൾപോലും ഇല്ലാത്തതിനാൽ ജനങ്ങൾ കൂട്ടമായി മഴയത്തും, വെയിലത്തും മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നതാണ് ദിവസങ്ങളായി കണ്ടുവരുന്നത്.
അക്ഷയകേന്ദ്രത്തിന്റെ സേവനത്തിനായി തോട്ടം തൊഴിലാളികൾ ചായക്കടയുടെ മുന്നിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടമായി നില്‍ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആരോഗ്യവകുപ്പ് അധികൃതർ ചായക്കട, അക്ഷയകേന്ദ്രം നടത്തിപ്പുകാർക്ക് നോട്ടീസ് നല്കി.
തുടർന്നു പോലീസെത്തി ജനങ്ങൾക്കും ഉടമകൾക്കും താക്കീത് നല്കി. ലോക്ക് ഡൗണിനെ തുടർന്ന് നിലവിൽ നെല്ലിയാന്പതിയിലെ പൊതുഗതാഗത സംവിധാനമായ കെഎസ് ആർടിസി, സ്വകാര്യ ബസുകളൊന്നും ഓടുന്നില്ല.
നെല്ലിയാന്പതി നിവാസികൾക്കു മറ്റൊരു അക്ഷയകേന്ദ്രത്തെ സമീപിക്കണമെങ്കിൽ 40 കിലോമീറ്റർ ചുരംപാതയിലൂടെ യാത്രചെയ്തു ന്മാറയിൽ എത്തേണ്ട സാഹചര്യമാണുള്ളത്.
അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ അക്ഷയകേന്ദ്രം വേറൊരു സ്ഥലത്ത് സ്ഥാപിക്കുന്നതിനു അധികൃതർ നടപടിയും സ്വീകരിക്കുന്നില്ലത്രേ.
ഇതേ തുടർന്നു മുഖ്യമന്ത്രിക്കും കളക്ടർക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.