വടക്കഞ്ചേരി: വടക്കഞ്ചേരിമണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾപ്ലാസയുടെ പ്രവർത്തനം ഈ വർഷമുണ്ടാകില്ലെന്ന് സൂചന നല്കി കരാർ കന്പനി അധികൃതർ. കുതിരാനിലെ രണ്ട് തുരങ്കപ്പാതകളിൽ ഒരെണ്ണമെങ്കിലും വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയണം.
ഇതിനൊപ്പം വടക്കഞ്ചേരിയിലേയും പട്ടിക്കാട്ടേയും മേല്പാല നിർമാണവും പൂർത്തിയാകണം. എന്നാൽ മാത്രമെ പന്നിയങ്കരയിൽ ടോൾപിരിവിന് നാഷണൽ ഹൈവേ അതോറിറ്റി അനുമതി നല്കൂ. കോവിഡ് വ്യാപനത്തെ തുടർന്ന് കന്പനിയുടെ തൊഴിലാളികളും മറ്റു ജീവനക്കാരുമെല്ലാം നാട്ടിലേക്കുപോയി.
വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കന്പനിയുടെ ജീവനക്കാരെല്ലാം. കോവിഡ് നിയന്ത്രണ വിധേയമായി പണികൾ പുനരാരംഭിക്കാൻ ഇനിയും മാസങ്ങളുടെ കാത്തിരിപ്പുവേണം. രണ്ടുമാസത്തിനുള്ളിൽ പണികൾ തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ അനുകൂലമാകണം.
കന്പനിയുടെ സാന്പത്തിക പ്രതിസന്ധിയും ദുർഘടകരമായതിനാൽ മുൻകൂട്ടി ഒന്നും പറയാനാകാത്ത സ്ഥിതിയാണെന്ന നിലപാടിലാണ് കരാർ കന്പനി അധികൃതർ. 2021 ഓഗസ്റ്റ് 17ന് മാത്രമേ ദേശീയപാതയുടെ പണികൾ പൂർത്തിയാകൂവെന്നാണ് പറയുന്നത്.
അതേസമയം 2009 ഓഗസ്റ്റ് 24ന് ദേശീയപാത അതോറിറ്റിയും കരാർ കന്പനിയും റോഡ് വികസന കരാറിൽ ഒപ്പിടുന്പോൾ 30 മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കുമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്.
എല്ലാം പാഴ് വാക്കായി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കുതിരാൻ തുരങ്കപ്പാത യഥാർത്ഥ്യമാകുമോ എന്നതിൽപോലും ഇപ്പോൾ വ്യക്തതയില്ല. തുരങ്കപ്പാതകൾക്കായി പാറകൾ നീക്കം ചെയ്യാൻ ബോറിംഗ് മെത്തേഡിനു പകരം ക്രേക്കിംഗ് മെത്തേഡ് സ്വീകരിച്ചതാണ് കുതിരാൻകുന്ന് ഒന്നാകെ ഇളകാൻ കാരണമായതെന്ന ആക്ഷേപം ശക്തമാണ്.
കല്ലുകിട്ടാൻ ഉഗ്രസ്ഫോടനത്തോടെ പാറക്കൂട്ടങ്ങൾ പിളർത്തുകയായിരുന്നു. ഇത് തുരങ്കപ്പാതകളുടെ സുരക്ഷ ഇല്ലാതാക്കി. 570 മീറ്ററിൽ ടണൽ സംരക്ഷണപണികളും ഫയർ ആൻഡ് സേഫ്റ്റിയുടെ വർക്കുകൾ, ലീക്കേജ് ഇല്ലാതാക്കൽ,
പ്രവേശന ഭാഗങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും സുരക്ഷ, പ്രവേശനഭാഗത്തെ സ്ലോപ്പ് വർക്കുകൾ, മലയിടിച്ചൽ തടയൽ തുടങ്ങി നിരവധി സുപ്രധാന പണികൾ കൂടി തുരങ്കപ്പാതകളിൽ ശേഷിക്കുന്നുണ്ട്.
രണ്ടാമത്തെ തുരങ്കപ്പാതയുടെ പണികൾ എവിടെയുമെത്തിയിട്ടില്ല. ഇതിനിടെ ദേശീയപാതയിൽ കുഴികൾ പെരുകി വാഹനഗതാഗതം ഏറെ പ്രയാസകരമാണ്.