പത്തനംതിട്ട: ഇന്നലെ കോവിഡ് പോസിറ്റീവായവരില്‍ കടമ്പനാട് ഗ്രാമപഞ്ചായത്തിലെ ഒരു മെംബറും ഉൾപ്പെടുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ മെംബറുണ്ടായിരുന്നു.
ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക വിപുലമായതിനാല്‍ വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. റാന്നി താലൂക്ക് ആശുപത്രിയിലെ ലാബ് ജീവനക്കാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇലന്തൂര്‍ സ്വദേശിയായ ഇദ്ദേഹം നേരത്തെ രോഗബാധിതനായ ആളുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു.
നെടുമ്പ്രത്ത് രോഗം സ്ഥിരീകരിച്ച ടീ ഷോപ്പ് ഉടമയുടെ വീട്ടില്‍ മൂന്നുവയസുകാരനും പത്തനംതിട്ടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലൂടെ മലയാലപ്പുഴം താഴം സ്വദേശികളായ മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കല്ലൂപ്പാറയില്‍ രോഗം സ്ഥിരീകരിച്ച മേസ്തിരി പണിക്കാരന്റെ സമ്പര്‍ക്കത്തിലും അടൂരില്‍ നേരത്തെയുള്ള രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലെ വീട്ടമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ കുമ്പഴ ക്ലസ്റ്ററില്‍ നിന്നാണ്. ഇവരില്‍ നാലുപേരും നാരങ്ങാനം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ കടമ്മനിട്ട സ്വദേശികളായ കുടുംബാംഗങ്ങളാണ്.
ഇവരില്‍ 40 കാരന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനുമാണ്. തേക്കുതോട് സ്വദേശി (41)ക്കും കുമ്പഴ ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.