കാട്ടാക്കട: കോവിഡ് പരിശോധന നടത്തിയിട്ടില്ലാത്തതിനാൽ സർക്കാർ ആശുപത്രികളിൽനിന്ന് തിരിച്ചയച്ച യുവതി ആംബുലൻസിൽ പ്രസവിച്ചു.
കണ്ടല കണ്ണൻകോട് കിഴക്കേക്കര പുത്തൻവീട്ടിൽ ഷാന്റെ ഭാര്യ ആമിനയാണ്(23) ബുധനാഴ്ച ഉച്ചയോടെ ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പരിശോധന നടത്തിവരികയായിരുന്ന ആമിന പ്രസവവേദനയെ ത്തുടർന്ന് രാവിലെ അവിടെയെത്തി.
എന്നാൽ, സ്ഥിരമായി ഒ.പിയിൽ കാണിക്കുന്ന ഡോക്ടർ അവധിയിലാണെന്ന് പറഞ്ഞ ആശുപത്രി അധികൃതർ പൂജപ്പുരയിലെ സർക്കാർ ആശുപത്രിയിലേക്കയച്ചു. അവിടെ എത്തിയപ്പോൾ കോവിഡ് പരിശോധന നടത്തിയിട്ടുണ്ടോ എന്ന് അധികൃതർ ചോദിച്ചു.
ഇല്ലെന്ന് മറുപടി നൽകിയതോടെ മറ്റേതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സ്വകാര്യ ആശുപത്രിയിലാണ്. ഇവർ ഇപ്പോൾ സുഖംപ്രാപിച്ചിരിക്കുകയാണ്ല