ഇരിട്ടി: ലൈസന്‍സും അനുബന്ധ രേഖകളുമില്ലാതെ ഇരിട്ടി ടൗണിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഭൂമി കയ്യേറിയും വഴിയോരങ്ങളിലുമാണ് അനധികൃത തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ഇരിട്ടി യൂണിറ്റ് ഹൈക്കോടതിയില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ഇരിട്ടി ടൗണിലേയും പാലത്തിന് സമീപത്തെ പൊതുസ്ഥലങ്ങളിലെയും തട്ടുകടകള്‍ നീക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഒരു മാസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കി ഹൈക്കോടതിയെ അറിയിക്കണമെന്ന് കാണിച്ച് ഇരിട്ടി നഗരസഭാ സെക്രട്ടറി, പായം പഞ്ചായത്ത് സെക്രട്ടറി, പൊതുമാരമാത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, ഇരിട്ടി എസ്ഐ, ഫുഡ് ആന്‍ഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ക്ക് നല്കിയ ഉത്തരവില്‍ പറയുന്നു.
ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യ-സുരക്ഷ വിഭാഗത്തിന്റെയും നിര്‍ദേശങ്ങള്‍ അനുസരിച്ച് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും തടസമാകുന്ന രീതിയിലാണ് തട്ടുകടകളുടെ പ്രവര്‍ത്തനം എന്നു കാണിച്ചാണ് അസോസിയേഷന് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. 2015 ഒക്ടോബറിലാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് അഡ്വ. ശ്രീജിത്ത് മുഖാന്തരം ഹൈക്കോടതിയെ സമീപിച്ചത്.