തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ കാറപകടം നടന്ന സ്ഥലത്ത് ഇന്ന് സിബിഐ തെളിവു ശേഖരിക്കും.
കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്താണ് അപകടം നടന്നത്. ബാലഭാസ്കറിന്റെ മരണം ആസൂത്രിതമാണെന്ന് മൊഴി നൽകിയ കലാഭവൻ സോബിയോട് ഇന്ന് പള്ളിപ്പുറത്തെത്താൻ സിബിഐ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
കലാഭവൻ സോബിയുടെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുക. ക്രാഷ് ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധന സിബിഐ നടത്തും. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന് നായർ, ഡിവൈ.എസ്.പി അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
തിരുനൽവേലിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അപകടം നടന്ന സ്ഥലത്തിനു സമീപമുള്ള പെട്രോൾ പന്പിൽ നിൽക്കുന്പോൾ കാറിലെത്തിയ ഒരു സംഘം പിന്നാലെ വരികയായിരുന്ന കാർ തല്ലിപ്പൊളിക്കുന്നത് കണ്ടെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു.
ആക്രമിക്കപ്പെട്ടത് ബാലഭാസ്കറിന്റെ കാറാണെന്നാണ് സോബി പറയുന്നത്. അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ പോലെയുള്ള ഒരാളെ കണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു. സോബിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സിബിഐ സംഘം അപകടസ്ഥലത്ത് പരിശോധന നടത്തുക.
2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ പള്ളിപ്പുറത്ത് മരത്തിലിടിച്ച് അപകടമുണ്ടാകുന്നത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചു. ചികിത്സയിലിരിക്കെ ഒക്ടോബർ 2നാണ് ബാലഭാസ്കർ മരിച്ചത്.
അപകടത്തിൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും ഗുരുതരമായി പരിക്കേറ്റിരുന്നു. അര്ജുന് അമിതവേഗത്തില്‍ കാറോടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയത്.