തിരുവനന്തപുരം: മലയാളികളുടെ മനസിൽ എന്നും തങ്ങി നിൽക്കുന്ന മനോഹര ഗാനങ്ങളുടെ രചയിതാവിന് യാത്രാമൊഴി. ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) യുടെ ഭൗതിക ശരീരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു.
രാവിലെ 8.30ന് തിരുമലയിലെ വീട്ടിൽ എത്തിച്ച ഭൗതികശരീരം 9.30 വരെ പൊതുദർശനത്തിനു വച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. ആകാശവാണിയിൽ ലളിതഗാനങ്ങളിലെഴുതി പ്രശസ്തനായ ചുനക്കര രാമൻകുട്ടി പിന്നീട് നാടകങ്ങൾക്കുവേണ്ടി ഗാനങ്ങളെഴുതി.
കൊല്ലം അസീസി, മലങ്കര തിയറ്റേഴ്സ്, കേരളാ തിയറ്റേഴ്സ്, നാഷണൽ തിയറ്റേഴ്സ്, കൊല്ലം ഗായത്രി എന്നീ നാടക ട്രൂപ്പുകൾക്ക് വേണ്ടി ഗാനങ്ങളെഴുതി. 1978ൽ ആശ്രമം എന്ന ചിത്രത്തിനുവേണ്ടി അപ്സര കന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമാ മേഖലയിലേക്ക് എത്തുന്നത്.
എഴുപത്തഞ്ചോളം സിനിമകൾക്കായി ഇരുനൂറിലേറെ ഗാനങ്ങൾ എഴുതി. സിന്ദൂരത്തിലകവുമായ്, ദേവീ നിൻ രൂപം, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ, നീ അറിഞ്ഞോ മേലേ മാനത്ത്, ശ്യാമ മേഘമേ നീ എന്നീ ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞതാണ്.
1984ൽ മുപ്പതിലേറെ സിനിമാ ഗാനങ്ങൾ രചിച്ചു. 2015-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്കാരം ലഭിച്ചു. 1936 ജനുവരി 19-ന് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായാണ് ജനിച്ചത്.
ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രേണുക, രാധിക, രാഗിണി. മരുമക്കൾ: സി.അശോക് കുമാർ (റിട്ട.ആരോഗ്യ വകുപ്പ്), പി.ടി.സജി (റെയിൽവേ, മുംബൈ), കെ.എസ്. ശ്രീകുമാർ (സി.ഐ.എഫ്.ടി). സംസ്കാരം ഇന്ന് നടക്കും.