സ്വന്തം ലേഖകൻ
തൃശൂർ: കോളജ് പ്രിൻസിപ്പൽമാരുടെയും സ്ഥാപന മേധാവികളുടെയും പേരിൽ വ്യാജ ഇ മെയിൽ വിലാസം ചമച്ച് പണം തട്ടിയെടുക്കുന്നതിനെതിരേ പരാതി.
ബന്ധുവിനൊപ്പം ആശുപത്രിയിലാണെന്നും പെട്ടെന്ന് അയ്യായിരം രൂപയുടെ അഞ്ച് ആമസോണ്‍ ഗിഫ്റ്റ് കാർഡ് തരണമെന്ന് ആവശ്യപ്പെട്ട് പരിചയമുള്ളവരുടെ മെയിലുകളിലേക്ക് ഇമെയിൽ സന്ദേശം അയച്ചാണു തട്ടിപ്പ്. ചിലരോടു പണം അയച്ചുതരണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഇ മെയിൽ സന്ദേശം സത്യമാണെന്നു വിശ്വസിച്ച് ഇങ്ങനെ പണവും ആമസോണ്‍ ഗിഫ്റ്റ് കാർഡും അയച്ചു കൊടുത്തവർ നിരവധിയാണ്. വിശ്വസിക്കാനാകാതെ ചിലർ ഫോണിൽ വിളിച്ചു വിവരം ആരാഞ്ഞപ്പോഴാണു സത്യം പുറത്തുവന്നത്.
ഗുരുവായൂരിലെയും തൃശൂരിലെയും പ്രമുഖ വനിതാ കോളജുകളുടെ പ്രിൻസിപ്പൽമാരുടെ വ്യാജ മെയിൽ ഐഡിയിൽനിന്ന് ഇത്തരം സന്ദേശങ്ങൾ നിരവധി പേർക്കു ലഭിക്കുകയും ചിലർ ആമസോണ്‍ ഗിഫ്റ്റ് കാർഡുകൾ നൽകുകയും ചെയ്തു.
പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സൈബർ സെൽ അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാരനെ കണ്ടെത്താൻ ഗൂഗിളിന്റെ സഹായം തേടിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്ന് കോളജ് പ്രിൻസിപ്പൽമാർ പ്രിൻസിപ്പൽമാരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും കോളജ് അധ്യാപകരുടെ ഗ്രൂപ്പുകളിലും ജാഗ്രതാ സന്ദേശം നൽകിയിട്ടുണ്ട്.